ഇടുക്കിയിലെ എട്ട് ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബീയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി.രാമക്കൽമേട്ടിലും പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും ഉൾപ്പെടെ പുതുതായി പാർലറുകൾ തുറക്കും

ഇടുക്കിയിൽ പരുന്തുംപാറ, പാഞ്ചാലിമേട്, ആമപ്പാറ–രാമക്കൽമേട്, മാട്ടുപ്പെട്ടി, ഇരവികുളം, ചിന്നക്കനാൽ, ഇലവീഴാപൂഞ്ചിറ, വാഗമൺ എന്നിവിടങ്ങളിലാണ് പുതുതായി ബിയർ വൈൻ പാർലറുകൾ അനുവദിച്ചത്.ടൂറിസം വകുപ്പ് അംഗീകരിച്ച 15 കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 2003 ൽ എക്സൈസ് വകുപ്പ് വിജ്ഞാപനമിറക്കിയിരുന്നു. ഇവിടെയെല്ലാം ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്കു ബീയർ– വൈൻ ലൈസൻസുകളും അനുവദിച്ചിരുന്നു.
തുടർന്ന്, നൂറ്റൻപതോളം കേന്ദ്രങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്സൈസ് വകുപ്പിനു മുൻപിലെത്തി.ഇക്കൂട്ടത്തിൽനിന്നു തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാ ക്കിയാണ് ഇപ്പോൾ ഒരുമിച്ച് സംസ്ഥാനത്താകെ 74 കേന്ദ്രങ്ങളെ അംഗീകരിച്ചത്.വിദേശ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന ടൂറിസം മേഖലകളിലെ റസ്റ്ററന്റുകൾക്കു പ്രത്യേക കാലയളവിൽ ബീയറും വൈനും വിൽക്കാൻ ലൈസൻസ് അനുവദിക്കുമെന്നു കഴിഞ്ഞ മദ്യനയത്തിൽ നിർദേശമുണ്ട്. വാർഷിക ലൈസൻസ് ഫീ 4 ലക്ഷം അടയ്ക്കേണ്ട സ്ഥാനത്ത് ഇവ സീസണിലേക്കുള്ള വിഹിതം മാത്രം അടച്ചാൽ മതിയാകും.