ദേവികുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം

L
മറയൂര്‍ ഡി എഫ് ഒക്കും റെയിഞ്ചോഫീസര്‍ക്കുമെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ദേവികുളം ഡി എഫ് ഒ ഓഫീസിനു മുമ്പില്‍ ദേവികുളം ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.മറയൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിഭാഷകര്‍ക്ക് എതിരെ പൊതുജനമധ്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതായി ആരോപിച്ചായിരുന്നു ബാര്‍ അസോസിയേഷന്റെ പ്രതിഷേധം.
കഴിഞ്ഞ മാസം മറയൂരില്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകനെതിരേ കള്ള ആരോപണങ്ങള്‍ ഉയര്‍ത്തുകയും മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയാണെന്ന് അഭിഭാഷകര്‍ പറഞ്ഞു .
ദേവികുളം ആര്‍ ഡി ഒ ഓഫീസിന് മുമ്പില്‍ നിന്നും ആരംഭിച്ച അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു.വനംവകുപ്പുദ്യോഗസ്ഥര്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതു തുടര്‍ന്നാല്‍ പ്രതിഷേധം തുടരുമെന്ന് അഭിഭാഷകര്‍ മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ ഡിസംബറില്‍ മറയൂരില്‍ ചന്ദന കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന് ശേഷമാണ് മറയൂരിലെ വനപാലകരും അഭിഭാഷകരും തമ്മിലുള്ള പോര് രൂപം കൊണ്ടത്.