വിദ്യാർത്ഥികള്‍ക്ക് ഇനി പരീക്ഷ കാലം. കേരള സിലബസില്‍ എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷകളും കേന്ദ്ര സിലബസില്‍ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളും ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കും

സർക്കാർ വിദ്യാലയങ്ങളിലടക്കം കഠിന പരിശീലനമാണ് മൂന്നാം ടേമില്‍ നടക്കുന്നത്. സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് പുറമേ, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവർക്കുള്ള പ്രത്യേക പരിശീലനവും നടക്കുന്നു. രാത്രികാല ടൈം ടേബിളില്‍ വരെ സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകളുണ്ട്. പഠനവും തയാറെടുപ്പുകളും കഴിഞ്ഞ വേനലവധിക്കേ തുടങ്ങിക്കഴിഞ്ഞിരുന്നു. കേന്ദ്ര, സംസ്ഥാന സിലബസുകളിലായി ജില്ലയില്‍ ഏകദേശം ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് ബോർഡ് പരീക്ഷകള്‍ എഴുതുക.
അഞ്ഞൂറിലധികം സെന്ററുകളുമുണ്ടാകും. പരീക്ഷ അടുത്തു വരുന്നതോടെ സ്‌കൂളുകള്‍ സ്വന്തമായി റിവിഷൻ ആരംഭിച്ചിട്ടുണ്ട്. ഈവനിംഗ് ക്യാമ്ബുകള്‍ നടത്തുന്ന വിദ്യാലയങ്ങളുണ്ട്. അതുപോലെ പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ പുരോഗമിക്കുകയാണ്. ഒരു പക്ഷേ നിലവിലെ രീതിയിലുള്ള അവസാനത്തെ പരീക്ഷകളാകും ഈ വർഷത്തേത്.
പരീക്ഷാരീതിയും ഫലനിർണയവും ഉടുച്ചുവാർക്കാനുള്ള ശുപാർശകള്‍ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരിഗണനയിലാണ്. വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കാനായി ബോർഡ് എക്സാമുകള്‍ വർഷത്തില്‍ രണ്ട് തവണയാക്കുക, അല്ലെങ്കില്‍ സെമസ്റ്റർ സബ്രദായമാകുക എന്നീ കാര്യങ്ങളാണ് സി.ബി.എസ്.ഇ പരിഗണിക്കുന്നത്. കേരളത്തിലാകട്ടേ ഗ്രേഡിംഗിന് പുറമേ മാർക്കും രേഖപ്പെടുത്തണമെന്നതടക്കം നിർദ്ദേശങ്ങളുണ്ട്.
എല്ലാവർക്കും വാരിക്കോരി ജയിപ്പിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്.സബ്ജക്‌ട് മിനിമം മാർക്ക് എട്ടാംക്ലാസുമുതല്‍ ഘട്ടങ്ങളായി നടപ്പാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അങ്ങനെ വന്നാല്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാർക്കില്ലാത്തവർ പരാജയപ്പെടും. കോളേജ് തലത്തിലും പരീക്ഷകളുടെ നാളുകളാണ്.