ചാെക്രമുടി ഭൂമി കയ്യേറ്റത്തിൽ തുടർ നടപടികൾ അട്ടിമറിച്ചതായി ആക്ഷേപം.അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ച് നാളുകൾ കഴിഞ്ഞിട്ടും തുടർനടപടികൾ ഇഴയുന്നു
കഴിഞ്ഞ ഓഗസ്റ്റിലാണ് പരിസ്ഥിതിലോല മേഖലയായ റെഡ് സോണിലുൾപ്പെടുന്ന ചൊക്രമുടിയിൽ സർക്കാർ പാറ പുറമ്പോക്ക് ഭൂമിയിലുൾപ്പെടെ ഭൂമി കയ്യേറ്റവും അനധികൃത നിർമാണവും വിവാദമായത്. ഭൂമി കയ്യേറ്റത്തിൽ ഭരണകക്ഷി നേതാക്കൾക്കു മുതൽ റവന്യു ഉദ്യോഗസ്ഥർക്കു വരെ പങ്കുണ്ടെന്ന പരാതികളുയർന്നതോടെ മുൻ ഉത്തരമേഖലാ ഐജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയമിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചു. സംഭത്തിൽ നാല് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.നിലവിൽ നടപടി നേരിട്ട 4 ഉദ്യോഗസ്ഥരെ കൂടാതെ മറ്റു ചില ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നും അവർക്കെതിരെയുള്ള നടപടി ഒഴിവാക്കാനാണ് റവന്യു സംഘത്തിന്റെ അന്തിമ നടപടികൾ വൈകിപ്പിക്കുന്നത് എന്നുമാണ് സൂചന.
സംഭവത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് കെപിസിസി വക്താവ് സേനാപതി വേണു ആവശ്യപ്പെട്ടു.റവന്യു മന്ത്രിയുടെ ഓഫിസിലെയും റവന്യു വകുപ്പിലെയും ചില ഉന്നതരും ജില്ലയിലെ ചില രാഷ്ട്രീയ നേതാക്കളും ഇടപെട്ടതുകൊണ്ടാണ് ചൊക്രമുടിയിൽ റെഡ് സോണിലുൾപ്പെടുന്ന സർക്കാർ ഭൂമിയിൽ കയ്യേറ്റവും അനധികൃത നിർമാണവും നടന്നതെന്നാണ് ആരോപണം.






