കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നിന്നും കക്കൂസ് മാലിന്യം റോഡിലൂടെ ഒഴുകുന്നു എന്ന് പരാതി
കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പോകുന്ന പാതയിലേക്കാണ് മലിനജലം ഒഴുകുന്നത്. പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ സെപ്റ്റിടാങ്കിൽ നിന്നുമാണ് ഇത്തരത്തിൽ ജലം ഒഴുകുന്നത് എന്നാണ് പരാതി. ഏതാനും ദിവസങ്ങളായി ഇത്തരത്തിൽ മലിനജലം ഒഴുകുകയാണ് . വലിയതോതിൽ ദുർഗന്ധം വമിക്കുന്നുതോടെ പ്രതിഷേധവുമായി വ്യാപാരികളും രംഗത്തുവന്നു.
ദുർഗന്ധം രൂക്ഷമായതോടെ പലരും മാസ്ക് വച്ചാണ് സ്ഥാപനങ്ങളിൽ ഇരിക്കുന്നത്. നഗരസഭ അധികൃതരെ വിവരം ധരിപ്പിച്ചിട്ടും സംഭവത്തിൽ ശാശ്വതമായ നടപടികൾ ഉണ്ടായില്ല എന്നാണ് ഇവരുടെ പരാതി. ശുചിത്വ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നഗരസഭ അധികൃതരുടെ കൺമുമ്പിൽ തന്നെയാണ് ഇത്തരത്തിൽ മാലിന്യം ഒഴുകുന്നത്. സംഭവത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി.
സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി കാൽനടയാത്രക്കാർ പോകുന്ന പാതയിലാണ് മലിനജലം ഒഴുകുന്നത്. ഇത് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിനടക്കം കാരണമായേക്കാം. നഗരസഭ ആരോഗ്യ വിഭാഗം മലിനീകരണ പ്രശ്നം പരിഹരിക്കുകയും ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യമായ ശക്തമാകുന്നത്.