ഇടുക്കി മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ പരിമിതമായ സൗകര്യത്തിൽ
ഇടുക്കി മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാന്റ് 10000 ലിറ്റർ സംഭരണ ശേഷിയുള്ളതാണ്. ഈ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചാൽ മാത്രമാണ് ഐസിയു, ക്യാഷ്വാലിറ്റി, വാർഡുകൾ എന്നിവിടങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ കഴിയുക. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കരാർ ഏറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കിയത്. പ്ലാന്റിൽ ഓക്സിജൻ നിറയ്ക്കാൻ വാഹനം എത്തിക്കാൻ സൗകര്യമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. സെപ്റ്റംബറിൽ കമ്പനിയുമായുള്ള കരാർ അവസാനിക്കും.
കരാർ അവസാനിച്ചാൽ പ്ലാന്റിൽ ഓക്സിജൻ ഫില്ല് ചെയ്തു നൽകില്ലെന്ന് കാണിച്ച് സൂപ്രണ്ടിന് കമ്പനി കത്തും നൽകിയിട്ടുണ്ട്. എന്നാൽ റോഡുകളുടെ നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കും എന്ന് മാത്രമാണ് അധികൃതർ നൽകുന്ന വിശദീകരണം. ഓക്സിജൻ പ്ലാന്റ് മാത്രമല്ല മറ്റ് അടിസ്ഥാന വികസന സൗകര്യങ്ങൾ മെഡിക്കൽ കോളേജിൽ പൂർത്തീകരിക്കാനും 11 കെ വി ഫീഡർ ട്രാൻസ്ഫോർമർ സിസ്റ്റം സ്ഥാപിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇത് സ്ഥാപിച്ചാൽ മാത്രമാണ് സെൻട്രലൈസ് എസി അടക്കം പ്രവർത്തിപ്പിക്കുവാൻ കഴിയുക. നിലവിൽ ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങൾ മാത്രമാണ് ഉള്ളതെന്നും പേരിൽ മാത്രമാണ് മെഡിക്കൽ കോളേജ് എന്നും ആരോപണം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികളും പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.