അമൃത് കുടിവെള്ള പദ്ധതി വഴി കല്ലുകുന്നിലെ നൂറു കുടുംബങ്ങൾക്ക് കുടിവെള്ളമെത്തും

അമൃത് കുടിവെള്ള പദ്ധതി വഴി കല്ലുകുന്നിലെ കുടിവെള്ള വിതരണം, മലിന ജലം നിർമാർജനം, നഗരഗതാഗതം അടക്കമുള്ള അടിസ്ഥാന സേവനങ്ങൾ നൽകി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ദേശീയ പദ്ധതിയാണ് അമൃത് പദ്ധതി. ഇതിൽ അമൃത് കുടിവെള്ള പദ്ധതിയാണ് ഏറെ പ്രചാരമേറിയത്.രാജ്യത്തെ നഗരപ്രദേശങ്ങളിൽ സമൂലമായ മാറ്റമുണ്ടാക്കുമെന്നാണ് പദ്ധതിയിലൂടെ സർക്കാർ വിലയിരുത്തുന്നത്.
വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയിൽ കല്ലുകുന്നിലാണ് പദ്ധതി നടപ്പിലാക്കിയത്. കല്ലുകുന്നിലെ നൂറു കുടുംബങ്ങൾക്കാണ് മുടക്ക് മുതൽ ഇല്ലാതെ കുടിവെള്ളമെത്തുന്നത്. വാർഡ് കൗൺസിലർക്ക് അപേക്ഷ നൽകുക മാത്രമാണ് ഉപഭോക്താക്കൾ ചെയ്യേണ്ട നടപടി. ഇതിൽ അർഹതപ്പെട്ടവർക്ക് സൗജന്യമായി കുടിവെള്ളം ഹോസു വഴി വീട്ടിലെത്തും.
കല്ലുകുന്നിൽ നിർമ്മിച്ചിരിക്കുന്ന കുടിവെള്ള ടാങ്കിൽ നിന്നുമാണ് ജലവിതരണം നടക്കുന്നത്. മുൻപ് മേഖല കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമായിരുന്നു. അമൃത് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതോടുകൂടി മേഖലയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ.