2024 ബോധി പുരസ്കാരം നോവലിസ്റ്റ് പുഷ്പമ്മക്ക്
2024 ലെ ബോധി പുരസ്കാരത്തിന് പ്രശസ്ത നോവലിസ്റ്റ് പുഷ്പമ്മയാണ് അർഹയായിരിക്കുന്നത്. പുഷ്പമ്മ എഴുതിയ കൊളുക്കൻ എന്ന നോവൽ ഇതിനോടകം തന്നെ മലയാളസാഹിത്യത്തിൽ ഇടം നേടിയിരുന്നു. ഹൈറേഞ്ചിലെ പ്രബല ഗോത്രവർഗ്ഗ വിഭാഗമായ ഊരാളി ഗോത്രത്തിന്റെ ജീവിതവും സംസ്കാരവും ചരിത്രവും അടയാളപ്പെടുത്തുന്ന നോവലാണ് കൊളുക്കൻ. ഊരുകയ്യടക്കി വാഴുന്നവൻ എന്നാണ് ഊരാളി എന്ന വാക്കിനർത്ഥം.
ഊരാളി ഭാഷയിൽ അതേ ഗോത്രത്തിൽ നിന്നുള്ള എഴുത്തുകാരി എഴുതിയ നോവൽ എന്ന നിലയിലാണ് മറ്റു നോവലുകളിൽ നിന്നും കൊളുക്കനെ വേറിട്ട് നിർത്തുന്നത് . ഒപ്പം നോവൽ എഴുത്തുകാരിയുടെ ആത്മാംശവും ഉണ്ട്. വരുന്ന ഫെബ്രുവരി 26 ന് കാഞ്ചിയാറിൽ വച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പുരസ്കാരം പുഷ്പമ്മക്ക് സമർപ്പിക്കും.
മോബിൻ മോഹൻ ചെയർമാനും കാഞ്ചിയാർ രാജൻ, ഷേർലി തോമസ്,അഡ്വക്കേറ്റ് വി എസ് ദിപു, ജെയിംസ് പി ജോസഫ് എന്നിവരടങ്ങുന്ന പുരസ്കാര നിർണയ സമിതി ഐക്യകണ്ഠേനയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി ഇരുപത്തിയാറാം തീയതി നടക്കുന്ന സാംസ്കാരിക യോഗത്തിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മോബിൻ മോഹൻ, കാഞ്ചിയാർ രാജൻ, ഷെർലി തോമസ് ,ജെയിംസ് പി ജോസഫ്, സിറിൽ ജേക്കബ്,ടി കെ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.






