അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വെള്ളിയാംകുടി ചെറുതോണി റോഡിലെ സൈൻ ബോർഡുകൾ കാണാമറയത്ത്
അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വെള്ളയാംകുടി ചെറുതോണി റോഡിലെ മുന്നറിയിപ്പ് ബോർഡുകളാണ് കാടുപടലങ്ങളാൽ അവ്യക്തമായത് . വളവുകളിലെ പല ബോർഡുകളും കാടുപടലങ്ങൾക്കുള്ളിലാണ്. പാതയിൽ അപകടങ്ങളും തുടർക്കഥയാവുകയാണ്. പരാതികൾ നിരവധി ആയതോടെ ഏതാനും ഭാഗത്തെ ബോർഡുകളുടെ പരിസരത്തെ കാടുപടലങ്ങൾ വെട്ടിമാറ്റിയെങ്കിലും,അപകട വളവുകളിലെ മുന്നറിയിപ്പ് ബോർഡുകൾ കാണാമറത്തു തന്നെയാണ്. ഇത് അപകടങ്ങൾ വിളിച്ചു വരുത്തുന്നതിന് കാരണമാകും.
വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയായതിനാൽ ടൂർ സീസൺ പ്രമാണിച്ച് മറ്റ് ജില്ലകളിൽ നിന്നുള്ള വലുതും ചെറുതുമായ ടൂറിസ്റ്റ് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നിരവധി വളവുകളുള്ള പാതയാണ് ഇത് . വഴി പരിചയമില്ലാത്തവർക്ക് സൈൻ ബോർഡുകളുടെ അഭാവം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകും.
പാതയിൽ നവീകരണ പ്രവർത്തനം നടക്കുന്നുണ്ടങ്കിലും കാടുപടലങ്ങൾ മൂടപ്പെട്ട മുന്നറിയിപ്പ് ബോർഡുകൾ വാഹന യാത്രക്കാർക്ക് ഉപകാരപ്രദമാക്കാൻ നടപടികളില്ല. ബന്ധപ്പെട്ട അധികൃതർ നാഷണൽ ഹൈവേ അതോറിറ്റിയിൽ കാര്യം ധരിപ്പിക്കുകയും പാതയിലെ അപകടാവസ്ഥ പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.






