കുമളിയിൽ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണവും സ്വർണവും പട്ടാപ്പകൽ അപഹരിച്ചു

കുമളി ചോറ്റുപാറയിൽ ശരണ്യ ഭവൻ രവി - പശുപതി ദമ്പതികളുടെ മകന്റെ വിവാഹത്തിന് സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും ഏഴര പവൻ സ്വർണവുമാണ് മോഷണം പോയത്. കഴിഞ്ഞദിവസം വണ്ടിപ്പെരിയാറിൽ 57-ാം മൈലിൽ താമസിക്കുന്ന കാളിദാസിന്റെ വീടിന്റെ മേൽക്കൂര പൊളിച്ച് അകത്തുകയറിയ കള്ളൻ ഒരു ലക്ഷം രൂപ അപഹരിച്ചിരുന്നു.സമാനമായ രീതിയിൽ തന്നെയാണ് കുമളി ചോറ്റുപാറയിൽ ശരണ്യ ഭവൻ രവി പശുപതി ദമ്പതികളുടെ വീട്ടിലും കള്ളൻ കയറിയത്.
ഇവരുടെ മകൻ വിഗ്നേഷിന്റെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും ഏഴര പവൻ സ്വർണവും ആണ് മോഷണം പോയത് . വണ്ടിപ്പെരിയാറിലേതിന് സമാനമായി വീടിന്റെ മേൽക്കൂര തകർത്ത് അകത്തുകയറിയ കള്ളൻ അലമാര കുത്തി തുറക്കുകയും പണവും സ്വർണവും അപഹരിക്കുകയും ചെയ്തു .ഇന്നലെ രാവിലെ 10 മണിയോടുകൂടിയാണ് സംഭവം ഉണ്ടാകുന്നത്. രവിയുടെ ഭാര്യ ജോലിക്ക് പോയിരുന്നു. രവിയും മകൾ ശരണ്യയും പെരിയാറ്റിലെത്തി സാധനങ്ങൾ വാങ്ങി തിരികെ വീട്ടിൽ ചെന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് കുമളി പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ഒറ്റപ്പെട്ട വീടുകൾ കേന്ദ്രീകരിച്ച് വീടിന്റെ ഷീറ്റ് പൊളിച്ച് ഉള്ള മോഷണം പതിവാകുകയാണ്.എത്രയും വേഗം പ്രതിയെ പിടികൂടണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.