തൊടുപുഴ മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
ഇടുക്കി മുരിക്കാശേരി തേക്കിന്‍തണ്ട് കൊച്ചുകരോട്ട് വീട്ടില്‍ ഡോണല്‍ ഷാജി, സുഹൃത്ത് കൊല്ലം തലവൂര്‍ മഞ്ഞക്കാല പള്ളിക്കിഴക്കേതില്‍ അക്സ റെജി എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴോടെ ഡോണലിന്റെയും പിന്നീട് അഗ്നിരക്ഷാസേനയെത്തി നടത്തിയ പരിശോധനയിൽ അക്സയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇരുവരും മുട്ടം ഗവ. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികളാണ്. ഡോണല്‍ മൂന്നാംവര്‍ഷ സിഎസ് വിദ്യാര്‍ഥിയാണ്. അക്സ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയും.
ഡോണലിന്റെ മൃതദേഹം വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നും അക്സയുടേത് 50 മീറ്റര്‍ മാറിയുമാണ് ലഭിച്ചതെന്ന് തൊടുപുഴ അഗ്നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. രാവിലെ മുതല്‍ ഇവരുടേതെന്ന് കരുതുന്ന ബാഗും സാധനങ്ങളും സ്ഥലത്ത് നാട്ടുകാര്‍ കണ്ടിരുന്നു. ഉച്ചയ്‍ക്ക് ശേഷവും ഇവ അവിടെത്തന്നെ കണ്ടതോടെയാണ് സംശയമുണ്ടായത്. വൈകിട്ട് ഏഴോടെയാണ് മുട്ടം പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയത്.
പിന്നാലെ അഗ്നിരക്ഷാ സേനയുമെത്തി. മുട്ടം പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ തൊടുപുഴ കാരിക്കോട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്‍ച കോളേജ് അവധിയായിരുന്നു. വീട്ടില്‍ പോകുകയാണെന്നാണ് ഇരുവരും സഹപാഠികളോട് പറഞ്ഞിരുന്നത്.