ചിറയീൻകീഴ് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് വീടിനകത്ത് ഉറങ്ങിക്കിടക്കവെ
ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിൽ അഴൂർ ക്ഷേത്രം വാർഡിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് ഇന്നലെ, വീടിനകത്തു ഉറങ്ങിക്കിടക്കവെ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചത്. ഇന്നു രാവിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കിട്ടി.
വെളുപ്പിനു നാലു മണിക്ക് കുട്ടി പെട്ടെന്ന് ഉണര്‍ന്ന് കാലില്‍ എന്തോ കടിച്ചുവെന്ന് മാതാപിതാക്കളോടു പറയുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പാമ്പുകടിയേറ്റുവെന്നു തിരിച്ചറിഞ്ഞതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍നിന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.





