വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡിന് പുറകിൽ നിന്നും കാണാതായ ഓട്ടോറിക്ഷ മൗണ്ട് വ്യൂ പോയിന്റിന് അടുത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
വണ്ടിപ്പെരിയാർ രാജമുടി സ്വദേശിയും ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പെരിയാർ റസ്റ്റോറന്റിലെ ജീവനക്കാരനും കൂടിയായ റെജിയുടെ പ്രൈവറ്റ് ഓട്ടോറിക്ഷയാണ് ഈമാസം പത്താം തീയതി രാത്രി എട്ടര മണിയോടുകൂടി കാണാതാവുന്നത്. റസ്റ്റോറന്റ് ജീവനക്കാരനായ റെജി രാവിലെ വീട്ടിൽ നിന്നും ഈ ഓട്ടോറിക്ഷയിൽ ആണ് ജോലിക്ക് എത്തുന്നത്. ബസ്റ്റാന്റിന് പുറകിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്യുകയും ജോലിക്ക് പ്രവേശിക്കുകയും ചെയ്യും. പിന്നീട് ഇറങ്ങുന്ന സമയത്താണ് വാഹനം നോക്കാറുള്ളത്. എന്നാൽ ഈ മാസം പത്താം തീയതി രാത്രി ജോലി കഴിഞ്ഞ് ഇറങ്ങിയ റെജി ഓട്ടോറിക്ഷയും എടുത്ത് വീട്ടിൽ പോകാൻ നോക്കുമ്പോൾ പാർക്ക് ചെയ്ത് സ്ഥലത്ത് ഓട്ടോറിക്ഷ ഇല്ല.
തുടർന്ന് അന്വേഷണം നടത്തുകയും വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഏകദേശം രാത്രി എട്ടര മണിയോടുകൂടിയാണ് വാഹനം ഇവിടെ നിന്നും കാണാതായതെന്ന് സ്ഥിതീകരിച്ചു. ഇതിനുശേഷം കഴിഞ്ഞ ഏഴുദിവസമായി വണ്ടിപ്പെരിയാർ പോലീസ് വിവിധ പ്രദേശത്താണ് വാഹനത്തിനായുള്ള അന്വേഷണം സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിവന്നത്. ഇതിനിടയിലാണ് ഇന്നലെ രാവിലെ മൗണ്ട് എസ്റ്റേറ്റിലെ വ്യൂ പോയിന്റിലേക്ക് പോകുന്ന വഴിക്ക് കൊളുത്തുടുക്കാൻ പോകുന്ന എസ്റ്റേറ്റ് തൊഴിലാളികൾ സംശയാസ്പദമായ രീതിയിൽ ഓട്ടോറിക്ഷ ഒതുക്കി കിടക്കുന്നത് കാണുന്നത്.
ഇത് സമീപഭാസികളെ അറിയിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് റെജിയുടെ ഓട്ടോറിക്ഷയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ മൌണ്ടിൽ നിന്നും കണ്ടെത്തിയത് എന്ന മനസ്സിലാക്കുകയായിരുന്നു. തുടർന്ന് ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവരെ എത്തിച്ച് പോലീസ് പരിശോധന നടത്തി. മോഷ്ടാക്കൾക്കായുള്ള അന്വേഷണം നടത്തി വരികയാണ് വണ്ടിപ്പെരിയാർ പോലീസ്. ഇതേസമയം വാഹനം മോഷണവും വാഹനത്തിലെ ബാറ്ററികൾ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ മോഷണവും വണ്ടിപ്പെരിയാറിന്റെ വിവിധ മേഖലകളിൽ തുടർക്കയാവുകയാണ്.






