മൂന്നാര്‍ ടൗണില്‍ രാത്രികാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകളും അനുബന്ധ സാമഗ്രികളും മോഷണം പോകുന്നതായി പരാതി
മൂന്നാര്‍ ടൗണില്‍ മാട്ടുപ്പെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പില്‍ തകരാര്‍ പരിഹരിക്കുവാന്‍ ഏല്‍പ്പിച്ചിരുന്ന ചെന്നൈസ്വദേശികളുടെ കാറിന്റെ ടയറുകളും അനുബന്ധസാമഗ്രികളുമാണ് മോഷണം പോയതായി പരാതി ഉയര്‍ന്നിട്ടുള്ളത്.മൂന്നാര്‍ സന്ദര്‍ശനത്തിനിടെ വാഹനം കേടായതിനെ തുടര്‍ന്നായിരുന്നു ചെന്നൈ സ്വദേശികള്‍ വാഹനം വര്‍ക്ക് ഷോപ്പില്‍ നന്നാക്കുവാന്‍ ഏല്‍പ്പിച്ച് പോയത്.പണികള്‍ പൂര്‍ത്തീകരിച്ച് വാഹനം കൈമാറുവാനിരിക്കെ വര്‍ക്ക്‌ഷോപ്പിന് സമീപം പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ടയറുകളും അനുബന്ധ സാമഗ്രികളും മോഷ്ടിച്ച് കടത്തിയെന്നാണ് പരാതി.
അരലക്ഷം രൂപക്ക് മുകളില്‍ വില വരുന്ന സാമഗ്രികളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്.മൂന്നാര്‍ ടൗണില്‍ രാത്രികാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകളും അനുബന്ധ സാമഗ്രികളും മോഷണം പോകുന്നുവെന്ന പരാതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനില്‍ക്കുന്നുണ്ട്.വാഹനത്തിന്റെ ടയര്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലാവുകയും ചെയ്തിരുന്നു.മോഷണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണമെന്നാണ് ആവശ്യം.




