വന നിയമ ഭേദഗതികൾ കിരാതം: സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ

വനം വകുപ്പിന് അമിതാധികാരം നൽകുന്ന വനനിയമ ഭേദഗതി കരട് ബില്ല് പിൻവലിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ആവശ്യപ്പെട്ടു. വനം വകുപ്പ് ഇപ്പോൾ തന്നെ സമാന്തര സർക്കാരിനെപോലെയാണ് പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്ന വ്യവസ്ഥകളാണ് പുതിയ ബില്ലിലുള്ളത്. ഇത് വനത്തോടു ചേർന്നുള്ള പ്രദേശത്തെ കൃഷിക്കാർക്കും മറ്റു ജനാവിഭാഗങ്ങൾക്കും അങ്ങേയറ്റം ദോഷം ചെയ്യും.ജനവിരുദ്ധ വ്യവസ്ഥകളാണ് കരട് ബില്ലിൽ അടിമുടിയുള്ളത്.
വന സംരക്ഷണം മാത്രമാണ് വനം വകുപ്പിന്റെ പണി. അതിൽനിന്ന് വ്യതിചലിച്ച് പൊലിസിന്റെ അധികാരം കൂടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകാനുള്ള നീക്കം അപകടകരമാണ്. വനവുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യം നടന്നെന്ന് തോന്നിയാൽ ആരുടേയും വീടും വാഹനവും സ്ഥലവും എല്ലാം വാറന്‍റില്ലാതെ പരിശോധിക്കാന്‍ പുതിയ നിയമം അനുമതി നല്‍കുന്നു. കുറ്റകൃത്യം നടന്നതായി ഏതെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥന് തോന്നുന്ന പക്ഷം സംശയിക്കുന്നയാളെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താനും മറ്റുമുള്ള അധികാരവും കൊടുക്കുന്നു.
ഇവയെല്ലാം പൊലീസിന്‍റെ അധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ്. ഇത്തരം അധികാരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്. അത് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും.ഇടുക്കി പോലുള്ള ജില്ലകളിൽ വനം വകുപ്പിനെതിരെ പ്രതിഷേധം പലയിടത്തും നിലവിലുണ്ട്. വ്യാപകമായ സമരങ്ങളും ജനങ്ങൾ അവർക്കെതിരെ നടത്തിവരികയാണ്. പുതിയ അധികാരങ്ങൾ വനം വകുപ്പിന് കിട്ടിയാൽ അവയെല്ലാം പ്രതിഷേധക്കാരെ കുടുക്കാൻ അവർ ഉപയോഗിക്കും. ആരുവേണമെങ്കിലും ഈ നിയമത്തിന്‍റെ ഇരയായിത്തീരാം.
വനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അറസ്റ്റിലാകുന്നയാളെ പോലീസ് സ്റ്റേഷനിലാണ് ഹാജരാക്കേണ്ടതെന്ന നിയമവും മാറ്റിയെഴുതുകയാണ്. തൊട്ടടുത്ത പോലീസ് സ്റ്റേഷനു പകരം ഫോറസ്റ്റ് ഓഫീസിൽ ഹാജരാക്കാമെന്ന വ്യവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കുറ്റാരോപിതര്‍ തന്നെ കേസ് തെളിയിക്കണമെന്ന വ്യവസ്ഥയും അപലപനീയമാണ്. ഉദ്യോഗസ്ഥ മേധാവിത്വം മാത്രം ലക്ഷ്യമിട്ടുള്ള ഭേദഗതികൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സലിംകുമാർ പ്രസ്താവനയിൽ പറഞ്ഞു.