കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മൂന്നാറിലേക്ക് വന്ന വിനോദ സഞ്ചാരികൾ മണിക്കൂറുകൾ വഴിയിൽ കുടുങ്ങി

കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ചാലക്കുടിയിൽ നിന്ന് മൂന്നാറിലേക്ക് വന്ന വിനോദ സഞ്ചാരികൾ ബസ് കരാറിലായതിനെ തുടർന്ന് മണിക്കൂറുകൾ വഴിയിൽ കുടുങ്ങി. ഇടുക്കി മാങ്കുളം ആനക്കുളത്തിന് സമീപമാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 45 ഓളം പേർ കുടുങ്ങി കിടന്നത്. രാവിലെ ചാലക്കുടിയിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട സംഘം ഉച്ചക്ക് 2.30 ഓടെയാണ് മാങ്കുളത്ത് എത്തിയത്.
ഇവിടെ വച്ച് ബസ് തകരാറിലാകുകയായിരുന്നു. പകരം ബസ് ഏർപ്പെടുത്താനോ സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കാനോ അധികൃതർ തയ്യാറായില്ല. നാട്ടുകാരാണ് രാത്രിയിൽ ഇവർക്ക് ഭക്ഷണം തയ്യാറാക്കി നൽകിയത്.ബസിൻ്റെ തകരാർ പരിഹരിക്കാനോ വേണ്ട സൗകര്യങ്ങൾ നൽകാനോ കെ എസ് ആർ ടി സി അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ വിനോദ സഞ്ചാരികൾ പ്രതിഷേധമുയർത്തി. തുടർന്ന് രാത്രി 11 മണിയോടെ മൂന്നാറിൽ നിന്ന് പകരം ബസ് എത്തിച്ചാണ് ഇവരെ ചാലക്കുടിക്ക് കൊണ്ടു പോയത്.