നെടുങ്കണ്ടം സ്വദേശിയായ നിരപരാധിയായ യുവാവ് തീഹാർ ജയിലിൽ അടയ്ക്കപ്പെട്ടത് 35 ദിവസം
നെടുങ്കണ്ടം സ്വദേശിയായ നിരപരാധിയായ യുവാവ് തീഹാർ ജയിലിൽ അടയ്ക്കപ്പെട്ടത് 35 ദിവസം. ഇടുക്കി നെടുംകണ്ടം സ്വദേശി ഷമീം ആണ് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത്.സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചു എന്ന കേസിലാണ് ഷെമീമിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. സെക്കന്റ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങിയതാണ് ഇയാൾക്ക് വിനയായത്.
ദില്ലി സ്വദേശിയായ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 30 ലക്ഷം രൂപ ആവശ്യപെട്ടു എന്നായിരുന്നു കേസ്. കഴിഞ്ഞ വർഷം നവംബർ 22 ന് ഷെമീമിനെ നെടുംകണ്ടത്ത് നിന്ന് ദില്ലി പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി ആദ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കേസിൽ ദില്ലി സ്വദേശി മാനവ് വിഹാരിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
നെടുംകണ്ടം സ്വദേശിയായ ഷമീമിന്റെ കൈവശം ഉണ്ടായിരുന്ന വിദേശ നമ്പറിൽ നിന്ന് യുവതിയെ വിളിക്കുകയും വാട്സ് ആപ് കോൾ ചെയ്ത് പണം ആവശ്യപ്പെട്ടെന്നുമായിരുന്നു ഇയാൾക്ക് എതിരെയുള്ള കേസ്. ചെന്നൈ സ്വദേശിയായ ഷമീം ആറു വർഷമായി നെടുംകണ്ടത്താണ് താമസം.നെടുംകണ്ടത്ത് നിന്ന് ഇയാൾ ഒരു സെക്കന്റ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങിയിരുന്നു. ഈ മൊബൈലിന്റെ ഐ പി അഡ്രസിൽ നിന്നാണ് സന്ദേശം അയച്ചത്.
ഇത്തരം സന്ദേശങ്ങൾ ഒന്നും അയച്ചിട്ടില്ലെന്ന നിലപാടിൽ ഷമീം ഉറച്ചു നിന്നതോടെ മൊബൈൽ ഫോറൻസിക് പരിശോധനയ്ക് വിധേയമാക്കി. പരിശോധനയിൽ ഫോണിൽ നിന്നും തെളിവുകൾ കണ്ടെത്താനായില്ല. ഒപ്പം ഷെമീമിന് ഒന്നാം പ്രതിയുമായോ പെൺകുട്ടിയുമായോ ബന്ധം ഉണ്ടെന്നുള്ളതിന്റെ തെളിവുകളും ലഭിച്ചില്ല. ഇതോടെയാണ് ഇയാളെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ദില്ലി കോടതിയിൽ അപേക്ഷ നൽകിയത്.
ചെയ്യാത്ത കുറ്റത്തിന് ജയിൽ കഴിഞ്ഞതിനൊപ്പം ഒരു വർഷത്തോളം ഷമിം മനസികമായും പീഡിപ്പിയ്ക്കപ്പെട്ടു. ഷമീമിന്റെ കൈവശം ഉണ്ടായിരുന്ന ഫോണിന്റെ ഐ പി അഡ്രസ് ഉപയോഗിച്ച് സന്ദേശം അയച്ചത് ആരെന്ന് ഇതുവരെയും കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. ജനുവരി 10ന് കേസ് വീണ്ടും കോടതി പരിഗണിയ്ക്കുമ്പോൾ വെറുതെ വിടുമെന്ന വിശ്വാസത്തിലാണ് ഷമീം.