'Cantique De Noel' കരോൾ ഗാനരാവിന് വിപുലമായ ഒരുക്കങ്ങളോടെ ലബ്ബക്കട ജെപിഎം കോളേജ്
ക്രിസ്തുമസിനോടനുബന്ധിച്ച് കാഞ്ചിയാർ ലബ്ബക്കട ജെ. പി. എം. കോളേജിൽ എല്ലാവർഷവും സംഘടിപ്പിച്ചുവരുന്ന ഹൈറേഞ്ചിലെ ഏറ്റവുംവലിയ കരോൾഗാനമത്സരമായ 'Cantique De Noel' -ൻ്റെ ഡിസംബർ 14 ആം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിക്കുന്ന അഞ്ചാം സീസണിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കോളേജ് മാനേജുമെൻ്റ് അറിയിച്ചു. ജെ പി എം കോളേജും കിൻസ്റ്റർ ഗ്ലോബൽ കരിയേഴ്സും സംയുക്തമായി നടത്തുന്ന ഈ വർഷത്തെ കരോൾ ഗാനം മത്സരം ജെപിഎം ബി എഡ് കോളേജ് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത്.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനായ ലിബിൻ സ്കറിയ പരിപാടിയിൽ മുഖ്യഅതിഥിയായിരിക്കും.മുൻവർഷങ്ങളിൽനിന്നും വിഭിന്നമായ് അതിവിപുലമായ വിസ്മയകാഴ്ചകളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും ഓർമ്മപ്പെടുത്തലായ ക്രിസ്തുമസ്സിൻ്റെ സന്ദേശം ഏവരിലേക്കും പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് ഇരുപത്തിരണ്ടടിയോളം ഉയരമുള്ള പടുകൂറ്റൻ സാന്താക്ലോസ്സ് ആയിരങ്ങളെ സ്വാഗതം ചെയ്യും.
കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻ്റുകളിലെ വിദ്യാർത്ഥികൾ പരമ്പരാഗതവും വേറിട്ടതുമായ ശൈലികളിൽ നിർമ്മിച്ച ബൃഹത്തായ നക്ഷത്രങ്ങൾ സ്ഥാപിച്ചിരിക്കുന്ന 'നക്ഷത്രഗ്രാമ'മാണ് മറ്റൊരാകർഷണം.'നക്ഷത്രഗ്രാമം' ഇതിനോടകം സമീപപ്രദേശങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.അമ്യൂസ്മെൻ്റ് പാർക്കുകളെ അതിശയിപ്പിക്കുന്ന തരത്തിലുള്ള പന്ത്രണ്ടടി വ്യാസവും എഴുപത്തഞ്ചടി നീളവുമുള്ള ഗുഹാരൂപത്തിലുള്ള കാലിത്തൊഴുത്താണ് ഏറെ വ്യത്യസ്ഥമായ മറ്റൊരാകർഷണം.
മഞ്ഞിൽനിറഞ്ഞ സൈപ്രസ് വൃക്ഷങ്ങളുടെ മാതൃകകളും ദീപാലങ്കാരങ്ങളും ക്രിസ്തുമസ് രാവിനെ വരവേറ്റുകൊണ്ട് ഈ സംഗീതനിശയ്ക്ക് മാറ്റുകൂട്ടും.പാശ്ചാത്യശൈലിയിലുള്ള ഫണ്ണിസാന്താക്ലോസ്സിനൊപ്പം ചിത്രങ്ങളെടുക്കുവാൻ സെൽഫിപോയിൻ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.രാജ്യാന്തരനിലവാരത്തിലുള്ള ഹൈ ടെക്ക് ദൃശ്യ-ശബ്ദസങ്കേതങ്ങളാണ് കേരളത്തിലെ പ്രമുഖടീമുകൾ മാറ്റുരയ്ക്കുന്ന ഈ കരോൾഗാനമത്സരത്തിനായ് കോളേജങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
Red I Entertainments ചാനലിൽ (ചാനൽ നമ്പർ 22) വൈകുന്നേരം അഞ്ചുമണി മുതൽ പ്രോഗ്രാം തൽസമയം പ്രക്ഷേപണം ചെയ്യുന്നതാണ്. കൂടാതെ https://youtube.com/live/QJy1bTIfqyo?feature=share എന്ന youtube ലിങ്കിലും പ്രോഗ്രാം തൽസമയം കാണുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. Cantique De Noel പ്രോഗ്രാമിൽ പങ്കുചേരുവാൻ ഈ നാട്ടിലെ ജാതിമതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന് കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് അറിയിച്ചു.