ഉപ്പുതറ പഞ്ചായത്തിൽ കേരളോത്സവം അട്ടിമറിക്കപ്പെടുന്നു. ഭരണ പ്രതിസന്ധിയും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ ഇല്ലാത്തതും മൂലം ഉപ്പുതറ പഞ്ചായത്തിൽ കേരളോത്സവം നിശ്ചിത തീയതിക്ക് മുമ്പ് നടക്കാൻ സാധ്യത ഇല്ല.
ഉപ്പുതറ പഞ്ചായത്തിൽ കേരളോത്സവം അട്ടിമറിക്കപ്പെടുന്നു. ഭരണ പ്രതിസന്ധിയും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ ഇല്ലാത്തതും മൂലം ഉപ്പുതറ പഞ്ചായത്തിൽ കേരളോത്സവം നിശ്ചിത തീയതിക്ക് മുമ്പ് നടക്കാൻ സാധ്യത ഇല്ല. 16 ന് മുമ്പ് പഞ്ചായത്തുകളിൽ കേരളോത്‌സവം പൂർത്തിയാക്കണമെന്നിരിക്കെ ഇതുവരെയും ഉപ്പുതറ പഞ്ചായത്തിൽ ആലോചന യോഗം പോലും നടന്നിട്ടില്ല. ഈ വർഷം യുവജനങ്ങളുടെ കലാകായിക കഴിവും പ്രകടിപ്പിക്കാനുള്ള അവസരമാണ് ഉപ്പുതറ പഞ്ചായത്ത് നഷ്ടമാക്കുന്നത്.
സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ യുവജനങ്ങളുടെ കലാ പരവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും യുവജനങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകൾ ഉണർത്തുക എന്ന ലക്ഷ്യത്തോടെ യുമാണ് പഞ്ചായത്ത് തലത്തിൽ കേരളോത്സവം നടത്തുന്നത്. നവംബർ 16ന് മുമ്പായി പഞ്ചായത്ത് തല മത്സരങ്ങൾ പൂർത്തീകരിക്കണം എന്നാണ് വ്യവസ്ഥ.
എന്നാൽ ഭരണ പ്രതിസന്ധിയും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ ഇല്ലാത്തതും മൂലം ഉപ്പുതറ പഞ്ചായത്തിൽ കേരളോത്സവം നിശ്ചിത തീയതിക്ക് മുമ്പ് നടക്കാൻ സാധ്യത ഇല്ല. ഇതുവരെ ആലോചന യോഗം ചേരാൻ പോലും തീയതി നിശ്ചയിച്ചിട്ടില്ല. പഞ്ചായത്ത് തലത്തിൽ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാൽ മാത്രമെ യുവജനങ്ങൾക്ക് ബ്ലോക്ക് , ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കൂ.
പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് 23ാം തീയതി നടക്കാനിരിക്കേ നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനാണ് പ്രസിഡണ്ടിൻ്റെ ചാർജ്.കുറെ നാളുകളായി പഞ്ചായത്ത് സെക്രട്ടറി ഇല്ലാതിരുന്ന ഉപ്പുതറയിൽ ദിവസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് സെക്രട്ടറി ചാർജ് എടുത്തെങ്കിലും അപ്രതീക്ഷിതമായി ഇദ്ദേഹം അവധിയിൽ പ്രവേശിച്ചു. ഇത് പഞ്ചായത്തിൻ്റെ പ്രവർത്തനം തന്നെ താളം തെറ്റിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറിയും പഞ്ചായത്തിലില്ല. ഹെഡ് ക്ലാർക്കിനാണ് സെക്രട്ടറി അവധിയിൽ പ്രവേശിച്ചാൽ ചാർജ് നൽകേണ്ടത്. എന്നാൽ ചാർജ്ജ് നൽകാതെയാണ് സെക്രട്ടറി അവധിയിൽ പ്രവേശിച്ചത്. ഇത് മൂലം വികസന പ്രവർത്തനങ്ങൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും തടസം നിലനിൽക്കുകയാണ്.
കേരളോത്സവ നടത്തിപ്പിന് സംഘാടക സമിതി വിളിക്കുകയും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തീകരിക്കേണ്ടതുമുണ്ട്.എന്നാൽ ഇതുവരെയും യാതൊരു ഒരുക്കങ്ങളും നടത്തിയിട്ടില്ല. മുൻ വർഷങ്ങളിൽ നാടിൻ്റെ ഉത്‌സവമായി നടത്തിയിരുന്ന കേരളോത്സവം ഇത്തവണ നടത്താനാകുമോ എന്ന ആശങ്കയിലാണ് യുവജനങ്ങൾ .കഴിഞ്ഞ വർഷങ്ങളിൽ കേരളോത്സവത്തിൽ ഉപ്പുതറയിലെ യുവജനങ്ങൾ സംസ്ഥാനതലത്തിൽ വരെ മത്സരിക്കുകയും വിജയികളാവുകയും ചെയ്തിട്ടുണ്ട്.
കേരളോത്സവം നടത്താനായില്ലങ്കിൽ അത് നാട്ടിലെ യുവജനങ്ങളോട് കാട്ടുന്ന ഏറ്റവും വലിയ അനീതിയാണ്.അതുകൊണ്ട് പഞ്ചായത്തിൽ കേരളോത്സവം വിജയകരമായി നടത്തുവാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യുവജനങ്ങളുടെ ആവശ്യം.



