വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത കോഡിനേഷൻ പീരുമേട് താലൂക്കിന്റെ നേതൃത്വത്തിൽ കുട്ടിക്കാനത്തെ പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിനു മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു
റേഷൻ കടകളുടെ വേദന പാക്കേജ് പരിഷ്കരിക്കാത്ത മൂലവും കിറ്റ് കമ്മീഷൻ അനുവദിക്കാത്തത് മൂലവും മണ്ണെണ്ണ വാതിൽപ്പടി വിതരണം നടക്കാത്തത് കൊണ്ടും ഉത്സവബത്ത അനുവദിക്കാത്തതുകൊണ്ടും കേരളത്തിലെ 16260 ഓളം റേഷൻ വ്യാപാരികൾ പ്രതിസന്ധി നേരിടുകയാണ്. റേഷൻ വ്യാപാരികളുടെ ഈ ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത കോർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ നടത്തിവരുന്ന ധർണ്ണാസമരങ്ങളുടെ ഭാഗമായാണ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത കോഡിനേഷൻ പീരുമേട് താലൂക്കിന്റെ നേതൃത്വത്തിൽ കുട്ടിക്കാനത്തെ പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിച്ചത് .
കുട്ടിക്കാനം ടൗണിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഓടുകൂടിയായിരുന്നു ധർണ്ണ സമരം ആരംഭിച്ചത്. പ്രതിഷേധ മാർച്ച്ന് ശേഷം സപ്ലൈകോ ഓഫീസിനു മുൻപിൽ ആരംഭിച്ച ധർണ്ണ സമരത്തിൽ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡണ്ട് എസ് സദാശിവൻ അധ്യക്ഷനായിരുന്നു. താലൂക്ക് ട്രഷറർ വി ചന്ദ്രശേഖരൻ സ്വാഗതം ആശംസിച്ച ധർണ്ണാ സമരം ഓൾ ഇന്ത്യ റേഷൻ റീടൈൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോസ് അഴകംമ്പ്രയിൽ ഉദ്ഘാടനം ചെയ്തു.
റേഷൻ വ്യാപാര രംഗത്തെ പ്രതിസന്ധികൾ മൂലം പിന്തുടർച്ചക്കാർ ഈ മേഖലയിലേക്ക് കടന്നു വരുവാൻ വിസമ്മതിക്കുന്നതായി സംസ്ഥാന സെക്രട്ടറി ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ് ഇടുക്കി ജില്ലാ പ്രസിഡണ്ട് പി എ അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷനു കീഴിലെ പീരുമേട് താലൂക്കിലെ മുഴുവൻ റേഷൻ വ്യാപാരികളും സമരത്തിൽ പങ്കെടുത്തു .കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ വനിതാ വിംഗ് പ്രസിഡന്റ് ലിൻസി കുര്യാക്കോസ് നന്ദി അറിയിച്ചു സംസാരിച്ചു.