വോട്ടർ പട്ടിക പുതുക്കൽ: നിരീക്ഷകൻ ജില്ലയിൽ സന്ദർശനം നടത്തി
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി ഇടുക്കിയുടെ ചുമതലയുള്ള വോട്ട൪ പട്ടിക നിരീക്ഷക൯ (റോൾ ഒബ്‌സർവർ ) ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടറുടെ ചേമ്പറിൽ വിവിധ അംഗീകൃത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗവും അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്നു വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
കഴിഞ്ഞ ഒക്ടോബർ 28 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിരീക്ഷകൻ രാഷ്ട്രീയ കക്ഷികൾക്ക് വിശദീകരണം നൽകി.കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനായുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വോട്ടര്‍ പട്ടികയുടെ കോപ്പികള്‍ എല്ലാ താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളിലും, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും, ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.കരട് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികള്‍ ഓൺലൈനായി നൽകാവുന്നതാണ്.ആക്ഷേപങ്ങള്‍ പരിശോധിച്ചും അപാകതകള്‍ പരിഹരിച്ചതിനും ശേഷം അടുത്ത വർഷം ജനുവരി 6 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
18 വയസ്സ് പൂർത്തിയായവർക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനും, 17 വയസ്സ് പൂർത്തിയായവർക്ക് മുൻകൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനും അപേക്ഷിക്കാം. എന്നാല്‍ 17 വയസുള്ള അപേക്ഷകർ 18 വയസ്സ് പൂർത്തിയാകുന്നതിനനുസരിച്ച് മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉൾപ്പെടുത്തുകയുള്ളു.
തിരിച്ചറിയില്‍ കാർഡിലെ തെറ്റ് തിരുത്തല്‍, മേൽവിലാസത്തിലെ മാറ്റം, വോട്ടർ കാർഡ് മാറ്റം, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തല്‍ എന്നീ ആവശ്യങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഇ-സേവന കേന്ദ്രങ്ങള്‍ മുഖേനയോ, www.voters.eci.gov.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെൽപ് ലൈന്‍ ആപ്പ് മുഖേനയോ ബി.എല്‍.ഒ മാരുടെ സഹായത്തോടുകൂടിയോ അപേക്ഷകള്‍ നൽകാം.മരണപ്പെട്ട് പോയവരെയും,സ്ഥലം മാറി പോയവരെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവർ അപേക്ഷകൾ നൽകേണ്ടതാണ്.
വിശദ വിവരങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.eci.gov.in ല്‍ ലഭ്യമാണ്. എല്ലാ പുതിയ വോട്ടർമാരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ പേരു ചേർക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ വിവിധ അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ,ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ,അസിസ്റ്റൻറ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ,സ്വീപ് നോഡൽ ഓഫീസർ,ഇലക്ഷൻ വിഭാഗം ജീവനക്കാർ എന്നിവർ പങ്കടുത്തു.