സിഎച്ച്ആര്‍ ; ഡി വൈ എഫ് ഐ യുവജന കൂട്ടായ്മ നവംബർ 20ന്
സി എച്ച് ആർ വിഷയത്തിൽ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി 20 ആം തിയതി രാവിലെ 10 മുതല്‍ വൈകിട്ട് 6വരെ കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ യുവജനകൂട്ടായ്മ നടത്തുന്നത്.കോണ്‍ഗ്രസാണ് ജില്ലയിലെ ഭൂപ്രശ്‌നം സങ്കീര്‍ണമാക്കിയത്. സിഎച്ച്ആര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് അനുകൂലമായി യാതൊരുനിലപാടും മുന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നില്ല.
കോടതി പലതവണ ആവശ്യപ്പെട്ടിട്ടും ഹിയറിങ്ങിനുഹാജരാകാന്‍ പോലും മുന്‍ എ കെ ആന്റണി സര്‍ക്കാര്‍ അന്ന് തയാറായില്ല. ജനജീവിതം ദുസഹമാക്കുന്ന നിയമങ്ങളെല്ലാം യുപിഎ, യുഡിഎഫ് സര്‍ക്കാരുകളുടെ സംഭാവനയാണ്. ജനവിരുദ്ധ- കര്‍ഷക വിരുദ്ധ നിയമങ്ങളും നിലപാടും കൊണ്ടുവന്നു ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചവരാണ് യുഡിഎഫ് സര്‍ക്കാരുകള്‍.
സിഎച്ച്ആര്‍ കേസില്‍ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷനും കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം ജില്ലയില്‍ ഉപാധിരഹിത പട്ടയം അനുവദിച്ചതുമുതല്‍ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ ജനവിരുദ്ധ നിലപാട് തുടരുന്ന കോണ്‍ഗ്രസ് ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടത്തുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ രമേശ് കൃഷ്ണന്‍, എസ് സുധീഷ്, ബി അനൂപ്, ഫൈസല്‍ ജാഫര്‍, ജോബി എബ്രഹാം, എസ് രാജേഷ് എന്നിവര്‍ പങ്കെടുത്തു.