പീരുമേട് മേഖലയിലെ വന്യമൃഗ ശല്യം; ആർ ആർ ടി ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

പീരുമേട് താലൂക്കിലെ ജനവാസ മേഖലകളായ തട്ടാത്തിക്കാനം, കുട്ടിക്കാനം, ഗ്ലെൻമേരി, കൊടുവക്കരണം തുടങ്ങിയ മേഖലകളിലും മരിയ ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഐ എച്ച് ആർ ഡി സ്കൂൾ പരിസര പ്രദേശങ്ങളിലും തുടർച്ചയായ കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യവും കൃഷി ആക്രമണവും വർദ്ധിച്ചുവരികയാണ്.
തൊട്ടടുത്ത ദിവസം നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന മരിയഗിരി സ്കൂളിന് സമീപം ക്ലാസ്സ് കഴിഞ്ഞ് വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങാൻ ബസ്സ് കാത്ത് നിൽക്കവേ, കാട്ടാനയുടെ വരവ് ഉ വിദ്യാർത്ഥികളെ ഭയവിഹ്വലാരാക്കി. തലനാരിഴക്ക് ആണ് അപകടം ഒഴിവായത്. ഓടി രക്ഷപ്പെടുന്നതിന് ഇടയിൽ ചില വിദ്യാർത്ഥികൾക്ക് ചെറിയ പരിക്കേൽക്കാൻ ഇടയായി. നാളുകളായി ഈ പ്രദേശങ്ങളിൽ രൂക്ഷമായ വന്യമൃഗ ശല്യം നേരിടുകയാണ്.
കൃഷി ചെയ്തു ജീവിക്കുന്ന കർഷകർക്കും സ്വന്തം വീട്ടിൽ താമസിക്കുന്ന പ്രദേശവാസികൾക്കും സ്വസ്ഥമായി ജീവിക്കാൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പീരുമേട് വനം വന്യജീവി വകുപ്പ് ആർ ആർ ടി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പീരുമേട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം മാർച്ച് തടഞ്ഞു.
വന്യമൃഗ ശല്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് സി.ഐയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് നേതാക്കന്മാർ ചർച്ച നടത്തുകയും രണ്ടു ദിവസത്തിനകം എട്ട് ജീവനക്കാരെ നിയമിക്കുമെന്നും വന്യമൃഗ ശല്യം ഉള്ള പ്രദേശങ്ങളിൽ 24 മണിക്കൂറും പെട്രോളിങ് ഏർപ്പെടുത്തും എന്നും ഉള്ള ഉറപ്പിൻ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.
മാർച്ച് ഉപരോധം ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. രാജൻ്റെ നേതൃത്വത്തിൽ നടന്ന മാർച്ച് അഭിസംഭോധന ചെയ്ത് കൊണ്ട് , കോൺഗ്രസ് നേതാക്കന്മാരായ നിക്സൺ ജോർജ്, പി.കെ. രാജൻ, മനോജ് രാജൻ, സി. യേശുദാസ്, രാജു കുടമാളൂർ, പി സൈതാലി, വിനീഷ്. ജി അനൂപ് ചേലക്കൽ, സാലമ്മ വർഗീസ്, സതീഷ്, ശശി, കണ്ണൻ, സെൽവം തുടങ്ങിയവർ സംസാരിച്ചു.