ഉപ്പുതറ പഞ്ചായത്ത് കരുന്തരുവി അമ്പലപ്പാറ ശ്രീശുഭാനന്ദ തപോ ഗിരി തീർത്ഥാടനത്തിന് തുടക്കമായി. ശ്രീ ശുഭാനന്ദ തപോഗിരി മുഖ്യാചാര്യൻ സ്വാമി കൃഷ്ണദാസ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു
ആത്മബോധോദയസംഘ സ്ഥാപകനും പരമാചാര്യ നുമായ "ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ പുണ്യതപസ്സിനാൽ പവിത്രമായ കരുന്തരുവി അമ്പലപ്പാറ ശ്രീശുഭാനന്ദ തപോഗിരിയിലേയ്ക്കുളള തീർത്ഥാടനം ഇന്നുമുതൽ ആരംഭിച്ചു. ദിവ്യതപസ്സ് പൂർത്തീകരണത്തിന്റെ പുണ്യദിനമായ വൃശ്ചികം ഒന്ന്, മുഖ്യദിനമായിട്ടാണ് തീർത്ഥാടനം നടത്തപ്പെടുന്നത്.
നവംബർ 5 മുതൽ 16 വരെ വിവിധ പരിപാടികളോടെ ആത്മബോധോദയ സംഘം കേന്ദ്ര ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ അമ്പലപ്പാറ ശ്രീശുഭാനന്ദ തപോഗിരി സേവാസമിതിയുടെ ചുമതലയിലാണ് പൂർവ്വാധികം ഭക്തിനിർഭരമായി തീർത്ഥാടനം നടക്കുന്നത്.വൃശ്ചികം ഒന്നായ നവംബർ 16 നാണ് പ്രധാന ദിനം. ശ്രീ ശുഭാനന്ദ ദേവൻ അമ്പലപ്പാറയിൽ പുണ്യ തപസ് അനുഷ്ഠിച്ച് ആത്മബോധോദയം ലഭിച്ച ദിനത്തോടനുബന്ധിച്ചാണ് തീർത്ഥാടനം നടക്കുന്നത്.
ഭക്തർ വ്യതമനുഷ്ഠിച്ച് ഇരുമുടി കെട്ടുമേന്തിയാണ് മലചവിട്ടുന്നത്. തീർത്ഥാടനത്തിൻ്റെ ആദ്യ ദിനമായ ഇന്ന് രാവിലെ 9.30 നും 11 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചത്. ശ്രീ ശുഭാനന്ദ തപോഗിരി മുഖ്യാചാര്യൻ സ്വാമി കൃഷ്ണദാസ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
കൊടിയേറ്റിനെ തുടർന്ന് വിശേഷാൽ ആരാധനയും നടന്നു. ചടങ്ങിൽ സ്വാമി ചിത്സ്വരൂപാനന്ദ , സ്വാമി കൃഷ്ണദാസ്, തപോഗിരി സെക്രട്ടറി എം രാജേന്ദ്രൻ, ജനറൽ കൺവീനർ കെ പുരുഷോത്തമൻ, ജോയൻ്റ് കൺവീനർ സിജുമോൻ വി റ്റി , ആത്മബോധോദയ സംഘം കേന്ദ്ര കമ്മറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.








