വിവിധങ്ങളായ പദ്ധതികളിലൂടെ പഞ്ചായത്തിനെ പൂർണ്ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം ; കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്

സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത മാലിന്യ നിർമ്മാർജന പദ്ധതിയായ മാലിന്യം മുക്തം നവകേരളം പദ്ധതി ഹൃദയത്തോട് ചേർത്തുവച്ച പഞ്ചായത്താണ് ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്ത് . വിവിധ പദ്ധതികളിലൂടെ പഞ്ചായത്ത് പരിധിയിൽ നിന്ന് മാലിന്യം തുടച്ചുനീക്കുക എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യം. ഈപ്രവർത്തനങ്ങളുടെ ആദ്യപടിയെന്നോണം ആയിരത്തിലധികം പേർ പങ്കെടുത്ത ശുചീകരണ പ്രവർത്തനങ്ങളാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് നടന്നത്. പണിക്കൻ കുടിയിൽ നിന്ന് ആരംഭിച്ച് തിരപ്പുഴയാറിൽ ചെന്ന് ചേരുന്ന കമ്പിളികണ്ടം തോടിന്റെ നാല് കിലോമീറ്റർ ദൂരം ഒരു ദിവസം കൊണ്ട് വൃത്തിയാക്കി.വരുംദിവസങ്ങളിലും ബാക്കി ഭാഗങ്ങൾ കൂടി വൃത്തിയാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യാ റനീഷ് പറഞ്ഞു.
പഞ്ചായത്തിലെ ആരോഗ്യ വിഭാഗം പ്രവർത്തകർ,ആശാവർക്കർമാർ, കുടുംബശ്രീ അയൽക്കൂട്ടം മറ്റ് സന്നദ്ധ സംഘടനകൾ,സ്കൂളുകളിലെ എൻ എസ് എസ് വോളണ്ടിയർമാർ, സ്റ്റുഡൻസ് പോലീസ് കേഡറ്റ് അംഗങ്ങൾ, ഹരിത ക്ലബ്ബുകൾ വ്യാപാര മേഖലയിലെ സംഘടനകൾ തുടങ്ങി മുഴുവൻ പേരുടെയും സഹകരണത്തോടുകൂടിയാണ് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
മാസങ്ങൾ നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ ടൗണുകൾ, സ്കൂളുകൾ, അംഗൻവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ, സാംസ്കാരിക നിലയങ്ങൾ, ഉൾപ്പെടെ എല്ലായിടവും മാലിന്യമുക്തമായി പ്രഖ്യാപിക്കും.തുടർന്ന് ഓരോ വീടുകളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് ഭരണസമിതി തന്നെ നേതൃത്വം നൽകും.
എന്തായാലും മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നതിനുള്ള കൃത്യമായ പദ്ധതികൾ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ചു കഴിഞ്ഞു. മലിനജലവും മാലിന്യങ്ങളും മൂലം സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിനും വരും വർഷങ്ങളിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് തടയിടുന്നതിനും വേണ്ടുന്ന കൂട്ടായ തുടർ പ്രവർത്തങ്ങൾ നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് വ്യക്തമാക്കി.