സംസ്ഥാനത്തെ വൈദ്യുത പദ്ധതികളുടെ സ്ഥാപിത ശേഷി പതിനായിരം മെഗാവാട്ടായി ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ദേവിയാര്‍ പുഴയിലെ വെള്ളം ഉപയോഗിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ വൈദ്യുത പദ്ധതികളുടെ സ്ഥാപിത ശേഷി പതിനായിരം മെഗാവാട്ടായി ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായി.
എം എല്‍ എമാരായ അഡ്വ. എ രാജ, എം എം മണി, ആന്റണി ജോണ്‍, ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി ഐ എ എസ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, കെ എസ് ഇ ബി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, സജീവ് ജി, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിര്‍മാണം തുടങ്ങി 15 വര്‍ഷത്തിന് ശേഷമാണ് തൊട്ടിയാര്‍ പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്നത്. ദേവിയാര്‍ പുഴയുടെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാര്‍ പദ്ധതി പ്രദേശത്ത് തടയണ നിര്‍മിച്ച് പെരിയാറിന്റെ തീരത്ത് നീണ്ടപാറയില്‍ നിര്‍മിച്ച നിലയത്തില്‍ വെള്ളം എത്തിച്ചാണ് വൈദ്യുതോല്‍പാദനം.




