ബജറ്റിൽ കേന്ദ്ര സർക്കാർ വകയിരുത്തിയ 666.9 കോടി രൂപ ഉപയോഗിച്ച് തോട്ടം മേഖലയുടെ വികസനത്തിനായി നടപ്പാക്കേണ്ട പദ്ധതികൾ ആവിഷ്കരിച്ചതായി ടീ ബോർഡ് അംഗങ്ങൾ
കഴിഞ്ഞ സമ്പൂർണ്ണ ബജറ്റിൽ കേന്ദ്ര സർക്കാർ വകയിരുത്തിയ 666.9 കോടി രൂപാ ഉപയോഗിച്ച് തോട്ടം മേഖലയുടെ വികസനത്തിനായി നടപ്പാക്കേണ്ട പദ്ധതികൾ ആവിഷ്കരിച്ചതായി ടീ ബോർഡ് മെമ്പർമാരായ അഡ്വ. ടി.കെ തുളസിരൻ പിള്ള, ഡി. ഡേവിഡ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളം ഉൾപ്പെടുന്ന സൗത്ത് റീജിയണിലും ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള ജില്ലകൾക്കും ഏറെ പ്രയോജനം ചെയ്യും വിധമാണ് പദ്ധതികളെന്നും ഇരുവരും പറഞ്ഞു.
തോട്ടം തൊഴിലാളികൾ, കുടുംബാംഗങ്ങൾ, ചെറുകിട കർഷകർ തുടങ്ങി അടച്ച് പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്കും ഫാക്ടറി ഉടമകൾക്കും വരെ സഹായകമാകും വിധത്തിലാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. തേയില കൃഷിക്കും ഇടത്തരം കമ്പനികൾക്കും ഫാക്ടറികൾക്കുമുള്ള സാമ്പത്തിക സഹായത്തിന് പുറമേ തൊഴിലാളികൾക്കുള്ള പരിശീലനങ്ങൾ, വിപണന പ്രോത്സാഹനം, കർഷക സംഘങ്ങളുടെ രൂപീകരണത്തിന് ധനസഹായം, എസ്.സി - എസ്.ടി വിഭാഗങ്ങൾക്കുള്ള പ്രത്യേക ധനസഹായം, തേയില നഴ്സറികൾ തുടങ്ങാൻ സഹായം, തോട്ടങ്ങളിലെ റീ പ്ലാൻ്റിങ് സബ്സിഡി തുടങ്ങിയ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
2026 മാർച്ച് വരെയുള്ള കാലയളവിനുള്ളിൽ ഇവ നടപ്പാക്കും. പദ്ധതികളുടെ വിശദീകരണം, അപേകർക്കുള്ള മാർഗനിർദേശം നൽകൽ, കാർഷിക ഉപകരണങ്ങൾക്കായുള്ള രജിസ്ട്രേഷൻ എന്നിവയ്ക്കായി ഒക്ടോബർ 29ന് വാഗമൺ മാസ്കോ ഓഡിറ്റോറിയത്തിൽ കർഷക സംഗമം സംഘടിപ്പിക്കുമെന്നും ടീ ബോർഡ് മെമ്പർമാർ പറഞ്ഞു.






