മുല്ലപ്പെരിയാർ സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 129 കേന്ദ്രങ്ങളിൽ മെഴുതിരികൾ കത്തിച്ച് പ്രതീക്ഷാ ജ്വാല തെളിയിച്ചു
മുല്ലപ്പെരിയാർ ഡാം കമീഷൻ ചെയ്തതിൻ്റെ 129-ാം വാർഷിക ദിനത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് സമരസമിതി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. എല്ലായിടത്തും പ്രതിജ്ഞയെടുക്കുകയും ചെയ്തു. 140 യൂണിറ്റുകളിൽ പ്രതീക്ഷാ ജ്വാല തെളിയിച്ചും , പ്രതിജ്ഞയെടുത്തും വ്യാപാരി വ്യവസായി ഏകോപന സമിതി മുല്ലപ്പെരിയാർ സമര സമിതിക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു.
ചീന്തലാർ സെൻ്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, ചപ്പാത്ത് സെൻ്റ് ആൻ്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പുളിക്കട്ട സെൻ്റ്. ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാട്ടുക്കട്ട ബിലീവേഴ്സ് ഗ്രേസ് ഗാർഡൻ പബ്ലിക് സ്കൂൾ, പരപ്പ് ചാവറ ഗിരി സ്പെഷ്യൽ സ്കൂൾ,സ്വരാജ് സയൺ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകരും, കുട്ടികളും പ്രതിജ്ഞ ചൊല്ലി മുല്ലപ്പെരിയാർ സമരസമിതിയുടെ പോരാട്ടത്തിന് പിന്തുണ നൽകി.
ഓസ്ട്രേലിയ യൂണിവേഴ്സിറ്റി ഓഫ് സൗതേൺ ക്യൂൻസ് ലാൻഡ് കോളേജിലേയും, പെർത്ത് ഗ്രിഗറി സെക്കൻഡറി സ്കൂളിലേയും മലയാളി വിദ്യാർഥികൾ ഇതേ സമയം മെഴുതിരി കത്തിച്ച് പ്രതിജ്ഞ ചൊല്ലി. ഉപ്പുതറയിൽ സമരസമിതി മുഖ്യ രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ പ്രതീക്ഷാ ജ്വാല തെളിയിച്ചു. ഫാ. റോബിൻ പേണ്ടാനം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന സമ്മേളനം സി എസ്.ഐ കേരള മഹായിടവക മുൻ ബിഷപ് ഡോ. കെ.ജി. ദാനിയേൽ ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയർമാൻ ഷാജി പി ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ജോമോൻ ജോസ്, ഫാ.ജോസഫ് ലൂക്കോസ്, കെ. എൻ മോഹൻദാസ്. സിബി മുത്തുമാക്കുഴി, അഡ്വ സ്റ്റീഫൻ ഐസക്, പി ഡി ജോസഫ്, സന്തോഷ് കൃഷ്ണൻ, ഷാൽ വെട്ടിക്കാട്ടിൽ, ഫ്രാൻസിസ് അറയ്ക്കപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.