ഇരട്ടയാർ അടയാളക്കല്ലില്‍ അനധികൃതമായി പാറ പൊട്ടിച്ച് കടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇരട്ടയാര്‍ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍
അടയാളക്കല്ല് ദേവിക്ഷേത്രം ഇരട്ടയാര്‍ പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്തോടുചേര്‍ന്നുള്ള ഭൂമിയിലാണ് പാറ ഖനനം നടക്കുന്നത്. കുളം നിര്‍മാണത്തിനെന്ന പേരില്‍ അനുമതി വാങ്ങിയശേഷമാണ് പാറപൊട്ടിക്കല്‍. ഇതിനെതിരെ ക്ഷേത്രം ഭാരാവഹികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണസമിതി സ്വീകരിച്ചത്. ഖനനം നടത്തുന്നവരുടെ രാഷ്ട്രീയ സ്വാധീനമാണ് ഇതിനുകാരണമെന്നും സംശയിക്കുന്നു.
ജില്ലയില്‍ വ്യാപകമായി അനധികൃത പാറഖനനം നടക്കുന്നുണ്ട്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെയും റവന്യു ഉദ്യോഗസ്ഥരുടേയും മൗനാനുവാദത്തോടെയാണിത് ഖനനം നടക്കുന്നതെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാധാരണക്കാര്‍ക്ക് വീടോ കുളമോ നിര്‍മിക്കാനായി പാറപൊട്ടിക്കാന്‍ അനുമതി നല്‍കാത്ത ഉദ്യോഗസ്ഥര്‍ അനധികൃത ഖനനത്തിന് ഒത്താശ ചെയ്യുന്നു. സിപിഎം ജില്ലാ നേതാവിന്റെ ബന്ധുവാണ് ഇതിനുപിന്നിലെന്നും യുഡിഎഫ് അംഗങ്ങളായ റെജി ഇലിപ്പുലിക്കാട്ട്, ജോസ് തച്ചാപറമ്പിൽ, രതീഷ് എ എസ്, ജോസ്കുട്ടി അരീപ്പറമ്പിൽ എന്നിവര്‍ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.