ഇരട്ടയാര്‍- തങ്കമണി റോഡിലെ ശാന്തിഗ്രാം പാലത്തിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് വ്യാജപ്രചരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി
2017ലെ സംസ്ഥാന ബജറ്റില്‍ ശാന്തിഗ്രാം, വലിയതോവാള പാലങ്ങള്‍ക്ക് മൂന്നുകോടി രൂപ വീതം അനുവദിച്ചതായി എല്‍ഡിഎഫ് പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള രണ്ട് ബജറ്റുകളിലും ഇതേ അവകാശവാദം ആവര്‍ത്തിച്ചു. എന്നാല്‍ 2022 ഒക്ടോബര്‍ 6നും 2023 നവംബര്‍ 8നും പിഡബ്ല്യുഡി പാലം ഉപവിഭാഗത്തില്‍ നിന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയില്‍ പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് വ്യക്തമാണ്.
പാലം നിര്‍മാണത്തിന് 2023വരെ ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് മറുപടിയിലുള്ളത്. 2022ല്‍ ശാന്തിഗ്രാം പാലത്തിന് പ്രപ്പോസല്‍പോലും നല്‍കിയിരുന്നില്ല. 2023ലാണ് എസ്റ്റിമേറ്റ് തയാറാക്കി പ്രപ്പോസല്‍ നല്‍കിയത്. വലിയതോവാള പാലത്തിന്റെ കാര്യത്തിലും ഇതേ സ്ഥിതിയാണ്. 2021 ജൂലൈ 6നാണ് പാലത്തിന്റെ പ്രപ്പോസല്‍ ഭരണാനുമതിക്കായി അയച്ചത്. എന്നാല്‍ ഇതിനും മുമ്പേ ഫണ്ട് അനുവദിച്ചുവെന്ന് കാട്ടി എല്‍ഡിഎഫ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.
കഴിഞ്ഞദിവസം പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് ഗതാഗതം നിരോധിച്ചപ്പോള്‍, പിഡബ്ല്യുഡി പാലം വിഭാഗം ഡിസൈന്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും ഭരണാനുമതി ലഭിച്ചാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നുമാണ് എം എം മണിയും ഇരട്ടയാറിലെ എല്‍ഡിഎഫ് നേതാക്കളും ഇപ്പോള്‍ പറയുന്നത് എന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ഈ പാലങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ 2017ലെ ബജറ്റില്‍ അനുവദിച്ച കോടികള്‍ എവിടെപ്പോയി എന്ന് ഇവര്‍ മറുപടി പറയണം എന്നും . പ്രപ്പോസല്‍ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലത്തിന് ഫണ്ട് അനുവദിപ്പിക്കാന്‍ നടപടി സ്വീകരിക്കാതെ നടത്തുന്ന പ്രസ്താവനകള്‍ ജനാരോക്ഷത്തില്‍ നിന്ന് രക്ഷപ്പെടാനാണ്. വ്യാജപ്രചാരണം നടത്തിയതിന് നേതാക്കള്‍ മാപ്പുപറയണം.
പ്രസ്താവന നടത്തി ജനങ്ങളെ പറ്റിക്കാതെ പാലം പുനര്‍നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇരട്ടയാര്‍ വലിയതോവാള പാലം പുനര്‍നിര്‍മിക്കാന്‍ 5.77 കോടിയുടെ പ്രപ്പോസല്‍ ഡീന്‍ കുര്യാക്കോസ് എം പി 2023 ജൂണ്‍ 10ന് നല്‍കിയതായും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ റെജി ഇലിപ്പുലിക്കാട്ട്, ജോസ് തച്ചാപറമ്പില്‍, രതീഷ് എ എസ്, ജോസ്‌കുട്ടി അരീപ്പറമ്പില്‍, ഷാജി ജോസഫ്, ആനന്ദ് തോമസ് എന്നിവര്‍ പങ്കെടുത്തു.