കുട്ടിക്കാനത്ത് ലോറി മോഷണവുമായി ബന്ധപ്പെട്ട പ്രതിയെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് ബൈക്ക് മോഷണവും; രണ്ടു പേർ പിടിയിൽ

പീരുമേട് കുട്ടിക്കാനത്ത് ലോറി മോഷണവുമായി ബന്ധപ്പെട്ട പ്രതി കൊയിലാണ്ടി സ്വദേശി നിമേഷിനെ പോലീസ് ചോദ്യം ചെയ്തതിനിടയിൽ വഴിത്തിരിവ് .ലോറി മോഷണം പോയ അന്ന് വൈകിട്ട് കുട്ടിക്കാനത്തുനിന്ന് മറ്റൊരു ബൈക്ക് മോഷണം പോയിരുന്നു.ഇതിലെ പ്രതികളെയും നിമേഷിനെ ചോദ്യം ചെയ്തതിന് ഒടുവിൽ പോലീസിന് പിടികൂടാനായി.
ലോറി മോഷണം പോയ വ്യാഴാഴ്ച വൈകിട്ട് കുട്ടിക്കാനത്തു നിന്നും ബൈക്ക് മോഷണം പോയിരുന്നു. ഇത് മോഷ്ടിച്ചത് ലോറി മോഷണത്തിൽ പിടിയിലായ നിമേഷിന്റെ സുഹൃത്തുക്കളായിരുന്നു.ലോറി മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ചോദ്യം ചെയ്യിലിലാണ് ബൈക്ക് മോഷണത്തിലെ വിവരവും ഇയാൾ പറയുന്നത്.തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ആയ കൊയിലാണ്ടി സ്വദേശി അതുലിനെയും കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലിനെയും പീരുമേട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂവരും കഴിഞ്ഞ കുറച്ചു നാളുകളായി കുട്ടിക്കാനം കേന്ദ്രീകരിച്ച് ജോലി ചെയ്തു വരികയായിരുന്നു. മോഷ്ടിച്ച ബൈക്ക് പീരുമേടിന് സമീപം റോഡരികിൽ ഇവർ ഉപേക്ഷിച്ചിരുന്നു. ബൈക്ക് ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്താണ് ഇരുവരെയും പീരുമേട് അറസ്റ്റ് ചെയ്തിരിക്കുന്നത്.ബൈക്ക് മോഷണം കേസിലെ രണ്ടു പ്രതികളിൽ ഒരാൾ മുൻപ് വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.