ഇടുക്കിയിലെ ആടുവിളന്താൻ കുടി, ശങ്കരപാണ്ഡ്യമെട്ട് എന്നിവിടങ്ങളിലുള്ളവർരുടെ റേഷൻ ഇനി കാട്ടാന മുടക്കില്ല; സഞ്ചരിക്കുന്ന റേഷൻ കട പ്രവർത്തനം ആരംഭിച്ചു

അരിക്കൊമ്പൻ 11 തവണ തകർത്തതും ചക്കക്കൊമ്പൻ ഇപ്പോഴും ഇടക്കിടെ ആക്രമിക്കുന്നതുമായ പന്നിയാറിലെ റേഷൻ കടയിൽ നിന്നാണ് ആടുവിളന്താൻ കുടിയിലെ ആദിവാസികൾ റേഷൻ വാങ്ങുന്നത്. ചക്കക്കൊമ്പൻ കഴിഞ്ഞ ദിവസവും ആക്രമിച്ച ആനയിറങ്കലിലെ കടയിൽ നിന്നാണ് ശങ്കര പാണ്ഡ്യമെട്ടിലുള്ളവർ റേഷൻ വാങ്ങേണ്ടത്. പലപ്പോഴും റേഷൻ വാങ്ങാനുള്ള ഇവരുടെ യാത്ര കാട്ടാനകൾ മുടക്കാറുണ്ട്. ഇതിനൊരു പരിഹാരമായാണ്സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങിയത്. ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ കടയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
50 ആദിവാസി കുടുംബങ്ങളാണ് അടുവിളന്താൻ കുടിയിലുള്ളത്. ഇവിടുത്തുകാർ കാട്ടാന ആക്രമണം ഭയന്ന് 12 കിലോമീറ്ററോളം സഞ്ചരിച്ചാണ് പന്നിയാറിലെത്തി റേഷൻ വാങ്ങിയിരുന്നത്. റേഷൻ വീട്ടുമുറ്റത്ത് കിട്ടിയപ്പോൾ ഇവരെല്ലാം ഹാപ്പി.52 കാർഡ് ഉടമകൾ ശങ്കര പാണ്ഡ്യമെട്ടിലുമുണ്ട്. കാട്ടാന ശല്യം ഭയന്ന് കഴിയുന്ന സമീപത്തുള്ള 301, പന്തടിക്കളം, പച്ചപ്പുൽക്കുടി, കോഴിപ്പന്നക്കുടി എന്നിവിടങ്ങളിലേക്കും സഞ്ചരിക്കുന്ന റേഷൻ കടയുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.