ജാതി സെൻസസ് അനിവാര്യം : സംഘടനകൾ യോജിച്ചുപോരടണം: കേരള സാംബവർ സൊസൈറ്റി
ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ സംഘടനകൾ യോജിച്ചുള്ള പോരാട്ടത്തിനിറങ്ങണമെന്ന് കേരള സാംബവർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി കറുപ്പയ്യ. കേരള സാംബവർ സൊസൈറ്റി ജില്ലാ കമ്മിറ്റി കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജാതി തിരിച്ചുള്ള സംവരണത്തിനാണ് ഭരണഘടന അനുമതി നൽകിയിട്ടുള്ളത്. അതുകൊണ്ട് ജാതി സെൻസസ് അടിയന്തരമായി നടപ്പാക്കണം. സംഘടനകൾ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം ആർ രാജൻ അധ്യക്ഷനായി.
കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത് രാജു മുഖ്യപ്രഭാഷണം നടത്തി. കെഎസ്എസ് ജില്ലാ സെക്രട്ടറി കെ ആർ രാജൻ, രാജു ആഞ്ഞിലത്തോപ്പിൽ, വി വി വിജയകുമാർ, കെ രവി, അനിൽകുമാർ, രവീന്ദ്രൻ രാജു തുടങ്ങിയവർ സംസാരിച്ചു.