അനധികൃത വഴിയോര കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പനയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
അനധികൃത വഴിയോര കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പനയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കട്ടപ്പന നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു.
അനധികൃതമായി നടക്കുന്ന വഴിയോരക്കച്ചവടങ്ങൾക്ക് തടയിടാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായില്ലെങ്കിൽ അതിശക്തമായ സമരത്തെ നേരിടേണ്ടി വരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജു അപ്സര ചൂണ്ടിക്കാട്ടി.
ചില സ്ഥലങ്ങളിൽ വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കുന്നത് വൻകിട കോപ്പറേറ്റുകളാണ്. ഇവർക്ക് കൂട്ടുപിടിക്കുകയാണ് ബന്ധപ്പെട്ട നഗരസഭയിലെ ചില ഉദ്യോഗസ്ഥർ എന്നും ഇതിന് തടയിടാൻ നഗരസഭ അധികൃതർക്ക് കഴിയണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നീങ്ങുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ രാജു അപ്സര പറഞ്ഞു .
കട്ടപ്പന ഇടുക്കി കവലിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നിരവധി വ്യാപാരികളാണ് പങ്കെടുത്തത്.വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പോഷക സംഘടനകളും പ്രതിഷേധ സമരത്തിൽ പങ്കാളികളായി.ലൈസൻസുകളും വലിയ വാടകയും നൽകി പ്രവർത്തിക്കുന്ന വ്യാപാരികളെയും ടൗണിലെ
കാൽനടയാത്രക്കാരെയും പ്രതിസന്ധിയിലാക്കി ടൗണുകളിൽ അനധികൃത വഴിയോരക്കച്ചവടം വ്യാപിക്കുകയാണെന്നാണ് വ്യാപാരികളുടെ പരാതി. നിരോധിത പ്ലാസ്റ്റിക് കവറുകളിൽ ഗുണനിലവാരമില്ലാത്ത സാധനങ്ങൾ അമിതവിലയ്ക്ക് വിൽക്കുന്നതായും ആരോപണമുണ്ട്. കൃത്യമായ അളവുതൂക്ക പരിശോധനകളോ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ, ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചാണ് പലയിടങ്ങളിലും കച്ചവടം നടക്കുന്നത്. സാധാരണ വ്യാപാരികൾക്കെതിരെ കർശന നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർ അനധികൃത കച്ചവടക്കാർക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും സംഘടന ആരോപിക്കുന്നു.
രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയുള്ള നിയമവിരുദ്ധ വഴിയോരക്കച്ചവടങ്ങൾക്ക് അടിയന്തരമായി തടയിടണമെന്നാണ് ഏകോപന സമിതിയുടെ ആവശ്യം.ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, സാജൻ ജോർജ്, ബൈജു എബ്രഹാം, സിജോ മോൻ ജോസ്, ജോഷി കുട്ടട തുടങ്ങി നിരവധി നേതാക്കൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

