മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കണം :സിപിഐ;10ന് പീരുമേട് താലൂക്ക് ഓഫീസ് മാർച്ച് നടത്തും
ജില്ലയിൽ വ്യാപകമായി നടക്കുന്ന ഭൂമി കയ്യേറ്റങ്ങൾക്കെതിരെ നവംബർ 10-ന് നടക്കുന്ന പീരുമേട് താലൂക്ക് ഓഫീസ് മാർച്ച് വിജയിപ്പിക്കാൻ സിപിഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാർച്ച് ഉദ്ഘാടനം ചെയ്യും.
സർക്കാർ ഭൂമിയിലെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുക, ഏറ്റെടുത്ത ഭൂമി ഭൂരഹിതർക്കും തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യുക, തോട്ടം മുറിച്ച് വിൽപന തടയുക, മുറിച്ച് വിറ്റ തോട്ടം ഭൂമിയുടെ പോക്ക് വരവ് റദ്ദ് ചെയ്യുക, മിച്ചഭൂമികൾ ഏറ്റെടുത്ത് തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യുക,പോപ്സൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ശമ്പളം ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ജയിൽ നിറക്കൽ സമരത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് കട്ടപ്പന ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സലിം കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി ആർ ശശി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ എസ് ബിജിമോൾ, സി യു ജോയി, ജയാ മധു, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി മുത്തു പാണ്ടി, വി കെ ധനപാൽ, ടി ഗണേശൻ എന്നിവർ പ്രസംഗിച്ചു.

