ഉത്രാടപ്പാച്ചലിൽ കട്ടപ്പന നഗരം

കേരളക്കരയുടെ ഉത്സവമായ പൊന്നോണത്തെ വരവേൽക്കാൻ ഗ്രാമവും നഗരവും ഒരുങ്ങി.അത്തം തുടങ്ങിയുള്ള പത്താം ദിനം ഓണമാഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് കട്ടപ്പന നഗരം. ഓണവിഭവങ്ങൾ സംഘടിപ്പിക്കാൻ ആവശ്യമായ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി നിരവധി ആളുകളാണ് ചന്തയിലേക്ക് എത്തിയത്. പൊതു മാർക്കറ്റ് അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. ഓണത്തിരക്ക് വ്യാപാരികൾക്കും വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്.
പച്ചക്കറികളും തുണിത്തരങ്ങളും അത്തപ്പൂക്കളം ഇടാനുള്ള പൂക്കളും വാങ്ങുവാനായി രണ്ടുദിവസമായി കട്ടപ്പനയിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ആളുകളുടെ എണ്ണത്തിനു പുറമേ ടൗണിൽ ഉണ്ടായ വാഹനപ്പെരുപ്പമാണ് ഓണത്തിന്റെ തിരക്ക് ദൃശ്യമാക്കിയത് . ടൗൺ റോഡുകളിൽ എല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. രാത്രി വൈകിയും നഗരത്തിലേക്ക് ആളുകൾ എത്തിക്കൊണ്ടേയിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.