വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിയെ മർദിച്ച കേസ് കെ. കെ. മനോജിനെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതം

വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചു എന്ന കോൺഗ്രസ് പ്രവർത്തകനെതിരെയുള്ള ആരോപണം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഹൃദ്രോഹിയായ അഡ്വ. കെ കെ മനോജ് മാതാവിനെയും കൂട്ടി സെക്രട്ടറിയുടെ ക്യാബിനിൽ എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങൾ തികച്ചും നാടകീയമാണെന്നും പഞ്ചായത്ത് ജീവനക്കാരും സെക്രട്ടറിയും ചേർന്ന് മനോജിനെ മർദ്ദിച്ച ശേഷം അവശനായ മനോജിന്റെ പേരിൽ കള്ളക്കേസ് എടുക്കുകയായിരുന്നു എന്നും കോൺഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡണ്ട് സാജു കാരക്കുന്നേൽ പറഞ്ഞു.
മാതാവിന് അനുവദിച്ച വീടിൻറെ രേഖകളുമായി എത്തിയ മനോജിനെയും മാതാവിനെയും മർദ്ദിച്ചശേഷം പോലീസിനെ വിളിച്ചുവരുത്തി ജീവനക്കാരും, സെക്രട്ടറിയും ചേർന്ന് കേസെടുപ്പിക്കുകയായിരുന്നു . കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു എന്നാരോപിച്ച് വിഷയം രാഷ്ട്രീയവൽക്കരിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത് എന്നും മണ്ഡലം പ്രസിഡൻ്റ് സാജു കാരക്കുന്നേൽ മറ്റ് കോൺഗ്രസ് നേതാക്കളായ വിജയകുമാർ മറ്റക്കര , സുബി കുന്തളായി, ടോമി തങ്ങുംപള്ളി , ജയ്സൺ കെ ആൻറണി എന്നിവർ വ്യക്തമാക്കി. ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം പറഞ്ഞത്.