മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജെ)ന്റെ നേതൃത്വത്തിൽ ഉപ്പുതറയിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു
മുല്ലപ്പെരിയാർ ഡാം ഏതു നിമിഷവും പൊട്ടാമെന്ന അവസ്ഥയിലാണെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അടക്കം കേരളത്തിന്റെ നാല് ഡാമുകൾ തമിഴ്നാടിന്റെതാണെന്ന് രജിസ്റ്ററിൽ തിരുത്തിയെന്നും അതിന് ആരോ താൽപര്യമെടുത്തുവെന്നും പുതിയ ഡാം നിർമ്മിക്കുമെന്ന് പറയാൻ സർക്കാരിന് ഭയമാണെന്നും പി സി തോമസ് കുറ്റപ്പെടുത്തി.
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സമരത്തിൽ വിമർശനം ഉയർന്നു. മുമ്പ് റോഷി അഗസ്റ്റിനും തങ്ങളും ഒരുമിച്ച് മുല്ലപ്പെരിയാർ വിഷയത്തിൽ പദയാത്ര നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പറയുന്നത് നാട്ടിൽ ഭീതി പരത്തുകയാണെന്ന്. മന്ത്രി വിളിച്ച യോഗത്തിൽ പോലും മുല്ലപ്പെരിയാർ പൊട്ടിയാൽ ആളുകളെ എവിടേക്ക് മാറ്റി പാർപ്പിക്കും എന്നതാണ് ചർച്ച ചെയ്യുന്നത്.
മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ ഇടുക്കിയിൽ തടഞ്ഞുനിർത്തുമെന്നാണ് മന്ത്രി പറയുന്നത്. ഇതിനിടയിലുള്ള ജനങ്ങളെ പറ്റി സംസാരിക്കുന്നില്ലെന്നും ജില്ലാ പ്രസിഡൻറ് പ്രൊഫസർ എം ജെ ജേക്കബ് പറഞ്ഞു. അതേസമയം കേന്ദ്ര ഗവൺമെന്റ് ഒരു മധ്യസ്ഥൻ്റെ റോളിൽ ഇടപെട്ടിട്ടില്ലെന്നും മുല്ലപ്പെരിയാറിലെ വെള്ളം പൂർണമായും തമിഴ്നാട്ടിൽ കൊണ്ടുപോകുന്ന തരത്തിൽ പുതിയ ഡാം പണി കഴിപ്പിക്കണം എന്നും അതിന് കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ ബോധവൽക്കരിക്കണമെന്നും വർക്കിംഗ് കമ്മറ്റി അംഗം അപ്പു ജോസഫ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ ഇടപെട്ടാൽ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നും അപ്പു ജോസഫ് വ്യക്തമാക്കി. വിഷയം ഉയർത്തിപ്പിടിച്ചുകൊണ്ട് വിവിധ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുവാനാണ് കേരള കോൺഗ്രസിൻറെ തീരുമാനം.യോഗത്തിൽ തോമസ് പെരുമന , വർഗീസ് വെട്ടിയാങ്കൽ , എം. മോനിച്ചൻ , സാബു വേങ്ങവേലിൽ, എ.ജെ കുര്യൻ, അഡ്വ.ഷൈൻ വടക്കേക്കര, ബിനു ജോൺ, വർഗീസ് സക്കറിയ, ജോയി കുടക്കച്ചിറ , ഫിലിപ്പ് മലയാറ്റ് എന്നിവർ പ്രസംഗിച്ചു.സി.റ്റി. ആമോസ് , മനോജ് കീളക്കാട്ട്, എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.



