ജില്ലയിലെ കര്‍ഷകരെയും സാധാരണക്കാരെയും ദോഷകരമായി ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ജില്ലയിലെ 5 കേന്ദ്രങ്ങളിലെ ഫോറസ്റ്റ് ഓഫീസിനു മുന്നിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് സിഐടിയു, കേരള കര്‍ഷക സംഘം, കെ.എസ്.കെടിയു സംയുക്ത സമര സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്ക്കരിക്കുക വന്യജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നത് കൂടി വരികയാണ്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്നത്.
വന്യമൃഗങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.വനഭൂമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ കൃഷിഭൂമി വനത്തോട് ചേര്‍ക്കുന്നതിനുള്ള ഗൂഢനീക്കം നടത്തുകയാണ്. വന സംരക്ഷണ നിയമ ഭേദഗതി 2023 നടപ്പാക്കുന്നതിന്‍റെ ഭാഗമായി വനാതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഈ സമിതിയില്‍ വനം, റവന്യൂ ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. അവര്‍ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് വിശ്വസിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കണം. ത്രിതല പഞ്ചായത്ത് ഭരണ സമിതി വരെ അറിഞ്ഞ് വേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. ഇതോടൊപ്പം കാലാവധി കഴിഞ്ഞ കുത്തകപ്പാട്ട ഭൂമി ഏറ്റെടുത്ത് വനത്തോട് കൂട്ടിച്ചേര്‍ക്കുന്നതിന് വേണ്ടി ഭൂമി ഉടമകള്‍ക്ക് വനം - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി വരികയാണ്. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥ പ്രമാണിമാരുടെ ഗൂഢതാല്‍പ്പര്യമാണുള്ളത്.
കേന്ദ്ര വന സംരക്ഷണ നിയമ ഭേദഗതി 2023 പ്രകാരമുള്ള വനാതിര്‍ത്തി നിശ്ചയിക്കല്‍ ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് നടപ്പാക്കുക, കുത്തകപ്പാട്ട ഭൂമിയും തോട്ടങ്ങളും വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക*_ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സിഐടിയു, കേരള കര്‍ഷക സംഘം, കെഎസ്കെടിയു എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ സമര പരിപാടി സംഘടിപ്പിക്കുകയാണ്.
2024 ആഗസ്റ്റ് 19 രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിലെ ഫോറസ്റ്റ് ഓഫീസുകള്‍ക്കു മുമ്പിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നതിനാണ് സമര സമിതി തീരുമാനിച്ചിരിക്കുന്നത്. ദേവികുളം ഡിഎഫ്ഒ ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ചും ധര്‍ണ്ണയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നടക്കുന്ന സമര പരിപാടി അഖിലേന്ത്യ കിസാന്‍ സഭ ദേശീയ കൗണ്‍സിലംഗം എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കുമളി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിംഗ് അംഗം സി.വി. വര്‍ഗീസും കാളിയാര്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി. മേരിയും മറയൂര്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ അഡ്വ. എ. രാജ എംഎല്‍എ യും ഉദ്ഘാടനം ചെയ്യും.
സിഐടിയു, കേരള കര്‍ഷക സംഘം, കെഎസ്കെടിയു സംസ്ഥാന - ജില്ലാ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.വാർത്ത സമ്മേളനത്തില്‍ സംയുക്ത സമര സമിതി നേതാക്കാളായ കെ.എസ്. മോഹനന്‍, കെ.വി. ശശി, റോമിയോ സെബാസ്റ്റ്യന്‍, എം.ജെ. മാത്യു, എന്‍.വി. ബേബി എന്നിവര്‍ പങ്കെടുത്തു.