രാജാക്കാട് കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു

വയനാട് ദുരന്തത്തെ തുടർന്ന് ചിങ്ങം ഒന്ന് കർഷക ദിനാചരണം ലളിതമായ ചടങ്ങുകളോടെയാണ് സംസ്ഥാന വ്യാപകമായി ആചരിച്ചത്. രാജാക്കാട് നടന്ന കർഷകദിനാചരണം കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന സമിതിയുടെയും വിവിധ കർഷക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.
രാജാക്കാട് ആയുർവേദ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് കർഷക ദിനാചരണം ഉത്‌ഘാടനം ചെയ്‌തു.ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപെട്ട മികച്ച കർഷകരെയും കുട്ടി കർഷകനെയും ചടങ്ങിൽ ആദരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ പ്രകാശിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കർഷകർക്ക് കാർഷിക ഉപകരണങ്ങളും ഫലവൃക്ഷ തൈകളും വിതരണം ചെയ്‌തു.
ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,കർഷക സംഘടനാ പ്രതിനിധികൾ,രാക്ഷ്ട്രീയ പ്രതിനിധികൾ,കർഷകർ,കൃഷിവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു