വണ്ടിപ്പെരിയാർ ചുരക്കുളം പോലീസ് വളവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് മൂന്നു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു

വണ്ടിപ്പെരിയാർചുരക്കുളം പോലീസ് വളവിലാണ് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം നാലുമണിയോടുകൂടി പാലായിൽ നിന്നും തമിഴ്നാട് ചിന്നമണ്ണൂരിലേക്ക് പോവുകയായിരുന്ന 3 പേർ സഞ്ചരിച്ചിരുന്ന ഡസ്റ്റർ കാർ വണ്ടിപ്പെരിയാർ ചുരക്കുളം കവലയ്ക്ക് സമീപം എത്തിയപ്പോൾ മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഈ ഭാഗത്ത് നിർത്തിയിട്ടിരുന്ന കാർ,ഓട്ടോറിക്ഷ,സ്കൂട്ടർ എന്നിവയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട കാർ ഇവിടെ നിർത്തിയിട്ടിരുന്ന മുത്തുരാജ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള കാറിൽ ഇടിക്കുകയും ഇതിനുശേഷം തൊട്ടടുത്ത നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും സ്കൂട്ടിയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളും തൊട്ടടുത്ത തോട്ടിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കുകൾ സംഭവിച്ചിട്ടില്ല.വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .
ഇതോടൊപ്പം വണ്ടിപ്പെരിയാർ 63 മൈൽ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട കാർ ദേശീയപാതക്ക് അരികിൽ കൽപ്പണി ചെയ്തുകൊണ്ടിരുന്ന മേസ്തിരിതൊഴിലാളിയായ വണ്ടിപ്പെരിയാർ മഞ്ജുമല സ്വദേശി ശിവകുമാർ (61) നെയാണ് ഇടിച്ചത് .അപകടത്തിൽ ശിവകുമാറിന്റെ കാലിനും കൈക്കും പരിക്കേറ്റു .പരിക്കേറ്റ ശിവകുമാറിനെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ ഇടിച്ച് ദേശീയപാതയോരത്തെ വൈദ്യുതി പോസ്റ്റ് ഒടിയുകയും ചെയ്തു.ഡ്രൈവർ ഉറങ്ങി പോയതാണ് കാർ നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുവാൻ കാരണമായത്.