തോട്ടംമേഖലകളിലെ എസ്റ്റേറ്റ് ലയങ്ങളോട് ചേർന്ന് പാർത്തീനിയം ചെടി തഴച്ചുവളരുന്നു :പാർത്തീനിയം ചെടി അലർജിക്ക് കാരണമാവാറുണ്ട്. ചെടി വെട്ടി നശിപ്പിക്കണമെന്ന ആവിശ്യം ശക്തം
തോട്ടംമേഖലകളിലെ എസ്റ്റേറ്റ് ലയങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ രോഗകാരണങ്ങളായ പാർത്തീനിയം ചെടി തഴച്ചുവളരുന്നത് വെട്ടിനശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അലർജി ത്വക്ക് രോഗം ശ്വാസനാള സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാവുന്ന ചെടികൾ വെട്ടിനശിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
ആസ്റ്റർ വിഭാഗത്തിൽപ്പെടുന്ന പാർത്തീനിയം ചെടി അലർജിക്ക് കാരണമാവാറുണ്ട്. ഇതിന്റെ സാമീപ്യം പലരുടേയും ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കും. പാർത്തീനിയത്തിൽ അടങ്ങിയിരിക്കുന്ന പാർത്തെനിൻ അലർജ്ജിയുണ്ടാക്കുന്നു. ത്വക്ക് രോഗങ്ങളും ശ്വാസകോശ രോഗങ്ങളും മനുഷ്യർക്ക് ഉണ്ടാക്കുന്നു.ഇത് പ്രധാനമായും പൂമ്പൊടിയുടെ അലർജ്ജിയാണ്. ശ്വാസനാള സംബന്ധമായ അസ്വസ്ഥതകളുള്ളവർക്ക് പാർത്തീനിയത്തിന്റെ പൂമ്പൊടിയുള്ള വായു ശ്വസിക്കുന്നത് തുടർച്ചയായ തുമ്മൽ, മൂക്കടപ്പ്, കണ്ണിൽ നിന്നും വെള്ളം വരുക എന്നി പ്രശ്‌നങ്ങൾ ഉണ്ടാക്കാം. ഇത്തരത്തിൽ രോഗകാരണങ്ങളാവുന്ന പാർത്തീനിയം ചെടികളാണ് എസ്റ്റേറ്റ് മേഖലകളിലെ ലയങ്ങൾക്ക് സമീപവും വഴിയരികുകളിലും തഴച്ച് വളർന്ന് രോഗ ഭീതി പരത്തുന്നത്.എല്ലാ വർഷങ്ങളിലും ഇത്തരം ചെടികൾ അടക്കമുള്ള കാടുകൾ എസ്റ്റേറ്റ് അധികൃതർ വെട്ടിനശിപ്പിക്കാറുള്ളതാണ്. എന്നാൽ വേനൽ കടുത്ത് ചെടികളിലെ പൂവുകൾ ഉണങ്ങി ഇവ കാറ്റിൽ പറന്ന് രോഗകാരണമായേക്കാവുന്ന സ്ഥിതി രൂക്ഷമായിട്ടും പല സ്ഥലങ്ങളിലും ഇവ വെട്ടിനശിപ്പിച്ചിട്ടില്ല എന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത്. പ്രായാധിക്യത്താലും രോഗാവസ്ഥയിലുമുള്ള ജനങ്ങൾ പാർക്കുന്ന എസ്റ്റേറ്റ് മേഖലകളിൽ തഴച്ചുവളരുന്ന പാർത്തീനിയം ചെടികൾ വെട്ടിനശിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
ജനങ്ങളുടെ സുരക്ഷയ്ക്കായി ഈ വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഉണ്ടാവണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം . ഉപ്പുലായിനി തളിക്കുന്നത് ഈ കളയെ ഉണക്കാൻ പര്യാപ്തമാണ്, ആയതിനാൽ പാർത്തീനിയം ചെടികൾ വെട്ടിനശിപ്പിക്കാത്ത പക്ഷം ഈ മാർഗ്ഗമുപയോഗിച്ചെങ്കിലും രോഗകാരണങ്ങൾക്ക് വഴിതെളിക്കുന്ന ചെടികൾ നശിപ്പിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.