കട്ടപ്പന നഗരസഭാ പരിധിയിൽ തെരുവ് കച്ചവടം നടത്തുന്നവർക്ക് പ്രത്യേക ഇടവും ലൈസൻസും നൽകാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു
കട്ടപ്പന നഗരസഭാ പരിധിയിൽ തെരുവ് കച്ചവടം നടത്തി വരുന്നവർക്ക്,കട്ടപ്പന പുളിയൻമല റോഡിൽ ഓറഞ്ച് ഹോട്ടലിന് സമീപം മൂന്നു പേർക്കും , പള്ളിക്കവല - അമ്പലക്കവല റോഡിൽ സാരിമഠം ജങ്ഷനിൽ നാലുപേർക്കും , വെള്ളയാംകുടി റോഡിൽ മാസ് ഹോട്ടലിന് എതിർവശം മൂന്നുപേർക്കും, കുട്ടിക്കാനം റോഡിൽ സിവിൽ സ്റ്റേഷന് എതിർവശത്തും, ചെരുപ്പ് കുത്തുന്നവർക്ക് പോലീസ് സ്റ്റേഷന് എതിർവശത്തും സൗകര്യമൊരുക്കും. തെരുവു കച്ചവടക്കാർക്ക് വെന്റിങ്ങ് സർട്ടിഫിക്കറ്റ് അനുവദിയ്ക്കും. പാതയോരങ്ങൾ കൈയ്യേറിയുള്ള അനധികൃത കച്ചവടങ്ങൾ ഒഴിപ്പിയ്ക്കും. പുളിയൻമല - നെടുങ്കണ്ടം പാതയിൽ മീൻ വ്യാപാരത്തിനായി സ്ഥലം നൽകണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിൽ നൽകിയ പരാതി നഗരസഭയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു. എന്നാൽ സ്വകാര്യ വ്യാപാരങ്ങൾക്ക് പാതയോരങ്ങളിൽ സ്ഥലം നൽകുന്നത് നഗരസഭയുടെ ചുമതലയല്ലെന്ന് കൗൺസിലിൽ അഭിപ്രായം ഉയർന്നു. മലയോരഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുപതേക്കർ പാലത്തിന് സമീപം കുടിയിറക്ക് ഭീഷണി നേരിടുന്ന സ്ത്രീയെ വെള്ളയാംകുടിയിലെ നഗരസഭ വക സ്ഥലത്ത് പുനരധിവസിപ്പിക്കും. ഇവർക്ക് സ്വകാര്യ വ്യക്തി വീട് നിർമിച്ച് നൽകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇരുപതേക്കർ മുതൽ ഇടുക്കിക്കവല വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിയ്ക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു. ഡി.വൈ.എസ്.പി. ഓഫീസിന് സമീപത്തെ റോഡിൽ ഇരുമ്പുവേലി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തുക കരാറുകാരന് അനുവദിയ്ക്കാൻ തീരുമാനമായി. ശുചിത്വ മിഷനുമായി ചേർന്ന് നഗരസഭയിലെ വാർഡുകളെ സ്വച്ഛ് വാർഡുകളാക്കി പ്രഖ്യാപിയ്ക്കും. അടുക്കളത്തോട്ടം പദ്ധതിയിൽപെടുത്തി മൺചട്ടി വിതരണം ചെയ്യുന്നതിന് ലഭിച്ച ക്വട്ടേഷനുകൾ പ്രകാരം നഗരത്തിലെ സി.ആർ.ഹൈടെക് നഴ്‌സറിക്ക് ചുമതല നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു.