പൂപ്പാറയിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായി;കടകൾ പൂട്ടി സീൽ ചെയ്തു, ആറു പേർ അറസ്റ്റിൽ

ഇടുക്കി പൂപ്പാറ ടൗണിലെ കൈയേറ്റങ്ങൾ റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. പന്നിയാർ പുഴയും റോഡ് പുറമ്പോക്കും കൈയേറി നടത്തിയ 56 നിർമ്മാണങ്ങൾക്ക് എതിരെയാണ് നടപടി. ആറാഴ്ചയ്ക്കുള്ളിൽ പൂപ്പാറയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഹൈകോടതി ഉത്തരവിനെ തുടർന്നാണ് റവന്യൂ സംഘം നടപടി സ്വീകരിച്ചത്. സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. സംഘർഷ സാധ്യത കണക്കിലെടുത്ത് പൂപ്പാറയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. രണ്ട് ആരാധനാലയങ്ങളും 13 വീടുകളും കടകളും ഉൾപ്പടെ 56 അനധികൃത നിർമ്മാണങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വീടുകളിൽ താമസക്കാർക്ക് തുടരാൻ അനുമതി നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ നോട്ടീസ് പതിപ്പിച്ചെങ്കിലും സീൽ ചെയ്തില്ല.വ്യാപാര സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു. നിർബന്ധിതമായി വേഗത്തിൽ ഒഴിപ്പിക്കുകയാണെന്ന് ആരോപിച്ച് വ്യാപാരികളുടെ പ്രതിഷേധവുമുണ്ടായി. ആറു പേരെ അറസ്റ്റ് ചെയ്തു.പതിറ്റാണ്ടുകളായി കൈവശം വച്ചിരിയ്ക്കുന്ന ഭൂമിയാണെന്നും ഹൈ കോടതിയെ സമീപിയ്ക്കുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. നടപടികൾ സംബന്ധിച്ച് റവന്യൂ വകുപ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.