കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഇടുക്കി രൂപത "മാർ മാത്യൂ ആനിക്കുഴിക്കാട്ടിൽ " അവാർഡുകൾ പ്രഖ്യാപിച്ചു.
ഇടുക്കി രൂപതാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷമായി നടപ്പിലാക്കി വരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡുകൾ പ്രഖ്യാപിച്ചു. കൃഷി, വിദ്യാഭ്യാസം, ആതുരശുശ്രൂഷ സേവനം എന്നീ മേഖലകളിൽ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും, സംഘടനകൾക്കുമാണ് അവാർഡുകൾ നൽകുന്നത്. ഈ വർഷത്തെ കൃഷി അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത് ഇരട്ടയാർ സ്വദേശി ദാസ് മാത്യുവിനെയാണ്. വിവിധയിനം കൃഷികൾ, മത്സ്യകൃഷി, മൃഗപരിപാലനം, കാർഷിക നേഴ്സറി, അത്യുല്പാദന ശേഷിയുള്ള വിത്തുകളുടെയും, തൈകളുടേയും ഉല്പാദനം എന്നിവയിലൂടെ കൈവരിച്ച മികച്ച വിജയം ദാസ് മാത്യുവിനെ അവാർഡിന് അർഹനാക്കി .വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് അവാർഡ് ലഭിച്ചിരിക്കുന്നത് കട്ടപ്പന ഇമിഗ്രെന്റ് അക്കാദമി ഡയറക്ടർ സിനു മുകുന്ദനാണ്. ഹൈറേഞ്ച് മേഖലയിൽ നിന്ന് ഉന്നത പഠനത്തിന് നിരവധി കുട്ടികളെ പ്രാപ്തരാക്കിയ സ്ഥാപനമാണ് കട്ടപ്പന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമിഗ്രന്റ് അക്കാദമി. ഇംഗ്ലീഷ്, ജർമൻ തുടങ്ങി വിവിധ വിദേശ ഭാഷകളിൽ പരിശീലനം നൽകുന്ന ഈ സ്ഥാപനത്തിൽ ആയിരത്തിലധികം കുട്ടികൾ പഠനം നടത്തുന്നുണ്ട്.ആതുരശുശ്രൂഷ, സാമൂഹ്യ സേവന മേഖലകളിൽ നിന്ന് അവാർഡിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത് ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിൽ മൊബൈൽ പെയ്ൻ ആന്റ് പാലിയേറ്റീവ് സേവനം ചെയ്യുന്ന, എസ്.എ.ബി.എസ് സന്യാസസമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഷന്താൾ മൊബൈൽ പെയ്ൻ ആന്റ് പാലിയേറ്റിവ് യൂണിറ്റിന് നേതൃത്വം വഹിക്കുന്ന സി. ലീന മരിയ ചിറയ്ക്കലിനെയാണ് .കിടപ്പു രോഗികളെയും, അനാഥരേയും ശുശ്രൂഷിക്കുകയും, ആശുപത്രികളിൽ രോഗികളെ എത്തിക്കുകയും, ആവശ്യമെങ്കിൽ ആശുപത്രികളിൽ രോഗികൾക്ക് കൂട്ടിരിക്കുകയും ചെയ്യുന്ന ആരാധനാ സമൂഹത്തിലെ അംഗങ്ങൾ, ഒരു ഫോൺ കോളിലൂടെ ഏത് സമയത്തും രോഗികളുടെ സമീപത്ത് എത്തുകയും, ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്നു. ആതുര ശുശ്രൂഷ മേഖലകളിലെ സംഭാവനകളാണ് സിസ്റ്ററിനെ അവാർഡിന് അർഹയാക്കിയത്.ഫെബ്രുവരി പത്താം തിയതി മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ വച്ച് നടക്കുന്ന അദ്ധ്യാപക അനദ്ധ്യാപക സംഗമത്തിൽ വച്ച്, ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കൽ, വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. ജോർജ് തകിടിയേൽ, മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ.ജിൻസ് കാരക്കാട്ട്, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപതാ പ്രസിഡണ്ട് ബിനോയി മഠത്തിൽ, ജിജി കൂട്ടുങ്കൽ,എം.വി ജോർജ്കുട്ടി എന്നിവർ അറിയിച്ചു. പതിനായിരം രൂപയും, പ്രശംസാപത്രവും, ഫലകവുമടങ്ങുന്നതാണ് അവാർഡ്.