കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ വിദ്യാർഥിക്ക് ദാരുണാന്ത്യം
കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ വിദ്യാർഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പൂനയിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിയായിരുന്നു ദീപക്.
കോഴ്സ് പൂർത്തിയാക്കി വീട്ടിലേക്ക് വരവെയായിരുന്നു ബോംബെ ജയന്തി ട്രെയിനിൽ നിന്നും വീണ് അപകടമുണ്ടായത്. സാധനങ്ങൾ എല്ലാം പ്ലാറ്റ്ഫോമിലേക്ക് എടുത്തു വച്ചു എങ്കിലും കണ്ണട എടുക്കാൻ മറന്നുപോയത് മനസ്സിലാക്കി തിരികെ കയറി. എന്നാൽ ഈ സമയം ട്രെയിൻ നീങ്ങി ഫ്ലാറ്റ് ഫോം കഴിഞ്ഞിരുന്നു.തുടർന്ന് വേഗത്തിൽ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പാളത്തിനടിയിലേക്ക് വീഴുകയായിരുന്നു. ദീപക്കിനെ സ്വീകരിക്കാനായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന സുഹൃത്തുക്കൾ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് റെയിൽവേ പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിച്ചതോടെയാണ് അപകട വിവരം മനസ്സിലാക്കിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം സ്റ്റാർ ജംഗഷനിലെ ആദം ടവറിൽ പ്രവർത്തിക്കുന്ന വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയുടെ മകനാണ് മരിച്ച ദീപക്ക്.

