കാഞ്ചിയാർ തൊപ്പിപ്പാളയിൽ കാട്ടുപന്നി കിണറ്റിൽ വീണ് ചത്തു
കാഞ്ചിയാർ തൊപ്പിപ്പാളയിൽ കാട്ടുപന്നി കിണറ്റിൽ വീണ് ചത്തു.മറ്റപ്പള്ളിക്കവല പുതുപ്പറമ്പിൽ അപ്പുവിന്റെ കുടിവെള്ളമെടുക്കുന്ന കിണറ്റിലാണ് പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കിണറ്റിൽ പന്നി കിടക്കുന്നത് അപ്പു കണ്ടത്.ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. കാഞ്ചിയാർ ഡപ്യൂട്ടി റെയിഞ്ചാഫീസർ ഉദയഭാനുവിന്റെ നേതൃത്വത്തിൽ വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പന്നിയെ പുറത്തെടുത്തു. ജഡത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്.60 കിലോയോളം തൂക്കമുള്ള പന്നിയാണ് കിണറ്റിൽ വീണ് ചത്തത്. അപ്പുവിന്റെ വീട്ടിൽ നിന്ന് 500 മീറ്റർ താഴെയായാണ് കിണർ. ഈ ഭാഗം കാട് പിടിച്ച് കിടക്കുകയാണ്. സംരക്ഷണ ഭിത്തിയില്ലാത്ത കിണറായതിനാൽ പന്നി, ഓടി വന്ന വഴി കിണറ്റിൽ വീണതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. മേൽ നടപടികൾ സ്വീകരിച്ച ശേഷം പന്നിയെ ഉദ്യോഗസ്ഥർ കുഴിച്ചിട്ടു.