എൽ ഡി എഫ് ഹർത്താൽ തുടങ്ങി; പരിപാടി നടത്തുമെന്ന് വ്യാപാരികൾ,എത്തുമെന്ന് പ്രഖ്യാപിച്ച് ഗവർണർ
ഇടുക്കിജില്ലയിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിക്ക് എത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ എൽ.ഡി.എഫിന്റെ ജില്ലാ ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അതേസമയം, ഹർത്താൽ ദിനത്തിൽ വ്യാപാരികൾ കടകൾ തുറന്ന് പ്രതിഷേധിക്കില്ലെന്ന് വ്യാപ്യാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ അറിയിച്ചു. ഇതോടെ, എൽ.ഡി.എഫ്.പ്രവർത്തകരും വ്യാപാരികളും തമ്മിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞിട്ടുണ്ട്.വ്യാപാരികൾക്ക് പിന്തുണയുമായി യു.ഡി.എഫ്. രംഗത്തുവന്നിട്ടുണ്ട്. കടകൾ തുറക്കുന്നവർക്ക് അവർ എല്ലാ സഹകരണവും വാഗ്ദാനംചെയ്തു. ഹർത്താലിനെതിരേ വ്യാപാരികൾക്ക് അനുകൂലമായ നിലപാടാണ് ബി.ജെ.പി.യും സ്വീകരിച്ചിരിക്കുന്നത്.
ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവനിലേക്ക് ബഹുജനമാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ന് തന്നെ എത്തുമെന്ന് ഗവർണറും അറിയിച്ചു. ഇതോടെയാണ് എൽ.ഡി.എഫ്. ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്.