ആദിവാസി കർഷകന്റെ ഒന്നരയേക്കറിലെ കൃഷി ദേഹണ്ഡങ്ങൾ വെട്ടി നശിപ്പിച്ചതായി പരാതി. അയ്യപ്പൻകോവിൽ മേരികുളം ചെന്നിനായ്ക്കൻകുടി സ്വദേശിയുടെ 1.5 ഏക്കറിലെ കൃഷി ദേഹണ്ഡങ്ങളാണ് നശിപ്പിച്ചത്
അയ്യപ്പൻകോവിൽ മേരികുളം ചെന്നിനായ്ക്കൻകുടി കിണറ്റുകരയിൽ കുഞ്ഞുരാമന്റെ 1.5 ഏക്കർ ഭൂമിയിലെ കൃഷി ദേഹണ്ഡങ്ങളാണ് വെട്ടിനശിപ്പിച്ചത് . വെട്ടാൻ കഴിയാത്ത കാർഷിക വിളയിൽ കീടനാശിനി തളിച്ച് നശിപ്പിക്കുകയും ചെയ്തു.15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടന്നും, മുൻപ് നൽകിയ പാട്ടം പുതുക്കി നൽകാത്തതിലുള്ള വൈരാഗ്യമാണ് കൃഷി വെട്ടി നശിപ്പിച്ചതെന്നും കർഷകനായ കുഞ്ഞുരാമൻ പറഞ്ഞു. 12 വർഷത്തെ ഉടമ്പടിയിൽ 2009 ൽ ഇടപ്പുക്കുളം, നടുപ്പറമ്പിൽ ആർ. ലാലു എന്നയാൾക്ക് ഭൂമി പാട്ടത്തിനു നൽകിയിരുന്നു. ഉടമ്പടിയിൽ 22 വർഷമെന്ന് തെറ്റായി എഴുതിച്ചു. ഇക്കാര്യം പാട്ടക്കാരൻ മറച്ചു വക്കുകയായിരുന്നു. 12 വർഷം കഴിഞ്ഞതോടെ ഭൂമിയിൽ നിന്നും ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും പാട്ടക്കാരൻ തയ്യാറായില്ല. ഇതിനിടെ പാട്ടക്കാരൻ കോടതിയിൽ നിന്നും അനുകൂല വിധിയും നേടി. എന്നാൽ കുഞ്ഞുരാമൻ മേൽക്കോടതിയെ സമീപിക്കുയും , കളക്ടർക്ക് പരാതി നൽകുകയും ചെയ്തു. ഡിസംബർ 21 ന് മുമ്പായി ഭൂമി ഒഴിയണമെന്ന് കളക്ടർ ഉത്തരവായി. എന്നാൽ കഴിഞ്ഞ 25 വരെ വിളവെടുക്കുകയും, പിന്നീട് കൃഷി നശിപ്പിക്കുകയുമായിരുന്നു. ഏലം, കുരുമുളക് തുടങ്ങിയ കൃഷി ചുവടെ വെട്ടി നശിപ്പിച്ചു. തെങ്ങിലെ വെള്ളക്കാ അടക്കം വെട്ടി നശിപ്പിക്കുകയും .തുടർന്ന് കളനാശിനിയും തളിച്ചു. അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ഊരുമൂപ്പന്മാരുടെ നേതൃത്വത്തിൽ ലാലുവിനെതിരെ പീരുമേട് ഡി വൈ എസ് പി ക്ക് കുഞ്ഞുരാമൻ പരാതി നൽകി. കളക്ടർ , പട്ടിക വർഗ വകുപ്പ് ഉന്നത അധികൃതർ എന്നിവർക്ക് ഉടൻ പരാതി നൽകുമെന്നും കുഞ്ഞുരാമൻ പറഞ്ഞു.


