വണ്ടിപ്പെരിയാർ സത്രത്തിൽ ഇടത്താവളം ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയായിട്ടും അധികൃതർക്ക് മൗനം

മുൻ വർഷങ്ങളിലെങ്ങും ഉണ്ടാകാത്ത ഭക്തജനപ്രവാഹമാണ് ഈ മണ്ഡല മഹോത്സവത്തിലുണ്ടായത്. 72816 പേരാണ് ഈ വര്‍ഷം സത്രം- പുല്ലുമേട് വഴി ശബരിമലയിലെത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. മുമ്പ് ഒരു ദിവസം ശരാശരി മൂവായിരത്തില്‍ താഴെ അയ്യപ്പന്മാരായിരുന്നു ഇതുവഴി പോയിരുന്നതെങ്കില്‍ ഇത്തവണ 7000- 8000 പേരായി ഉയര്‍ന്നു. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാൻ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. തീര്‍ത്ഥാടകരുടെ പ്രവാഹം അധികൃതരുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ചു. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ മകരവിളക്ക് ഒരുക്കം വിലയിരുത്തുന്നതിന്റെ ഭാഗമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സത്രം സന്ദര്‍ശിച്ചിരുന്നു. അന്ന് സത്രത്തെ പ്രധാന ഇടത്താവളമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഈ സീസണിലും കുറ്റമറ്റതായ സൗകര്യങ്ങള്‍ പോലും ഒരുക്കാൻ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. തീര്‍ത്ഥാടകരുടെ തിരക്കിന നുസരിച്ചുള്ള സൗകര്യങ്ങള്‍ സത്രത്തില്‍ ആവശ്യമാണ്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പോലും ധാരാളം അയ്യപ്പഭക്തര്‍ ഇതുവഴി മലയ്ക്ക് പോകാനെത്തുന്നുണ്ട്.
ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയെന്നത് അധികൃതര്‍ ചെയ്യേണ്ട കാര്യമാണ്. മേഖലയില്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ പത്തേക്കര്‍ സ്ഥലമുണ്ട്. എന്നാല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഈ സ്ഥലം പൂര്‍ണ്ണമായും വിട്ടുനല്‍കുന്നില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി വണ്ടിപ്പെരിയാറില്‍ നിന്ന് സത്രത്തിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിന് പോലും സത്രം ഗ്രൗണ്ടില്‍ കയറാൻ കഴിയുന്നില്ല. പത്തേക്കര്‍ സ്ഥലത്ത് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയാല്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിറുത്തിയിടാൻ സൗകര്യപ്രദമാകും. സത്രത്തില്‍ നിന്ന് ആരംഭിക്കുന്ന കയറ്റങ്ങള്‍ ധാരാളമുള്ള പാതയില്‍ ഭക്തര്‍ക്ക് കൈ പിടിച്ചു കയറാൻ കെട്ടിയിരിക്കുന്നത് വടത്തിന് പകരം പ്ലാസ്റ്റിക് കയറാണ്.
മകര വിളക്കിനോടനുബന്ധിച്ച് തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സാഹചര്യത്തെ മറികടക്കുന്നതിനുള്ള ക്രമീകരണങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന ആവശ്യവും ശക്തമാവുകയാണ്.